/sathyam/media/media_files/MR8kHi49c7Z21tMWnjF0.jpg)
ഡൽഹി: സ്വന്തം രാജ്യത്തിന്റെ പട്ടാളക്കാരെപ്പോലും മുജാഹിദ്ദീനുകളാക്കി അനാഥ മൃതദേഹമാക്കി മാറ്റുന്ന പാകിസ്ഥാനെ ലജ്ജിപ്പിക്കുന്ന തിരച്ചിലാണ് ലഡാക്കിൽ 56 വർഷം മുൻപ് നടന്ന വിമാന അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ത്യ നടത്തിയത്.
രാജ്യത്തിനാകെയും സേനയ്ക്കൊന്നാകെയും അഭിമാനവും ആവേശവും പകരുന്ന തിരച്ചിൽ ദൗത്യമാണിത്. 1968ലുണ്ടായ സെെനിക വിമാനാപകടത്തിൽ മരിച്ച 102 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മഞ്ഞുപാളികൾക്കിടയിൽ നടത്തുന്ന തിരച്ചിൽ രാജ്യ ചരിത്രത്തിലെ ഏറ്റവും ദെെർഘ്യമേറിയ തിരച്ചിൽ ദൗത്യമാണ്.
പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിലെ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്.
102 സെെനികരും മറ്റ് സാമഗ്രികളുമായി ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ റോഹ്താങ് പാസില്‍ 1968 ഫെബ്രുവരി ഏഴിന് അപകടത്തില്‍പ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അതുവരെ കണ്ടെടുത്തിട്ടുള്ളു. 2019ലും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
തിരംഗ മൗണ്‍ടെന്‍ റെസ്‌ക്യൂ, സൈന്യത്തിലെ ദോഗ്ര സ്‌കൗട്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2003ൽ അടല്‍ ബിഹാരി വാജ്‌പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്‌റിംഗിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.
ഇതിന്റെ തുടർച്ചയായി നിരവധി തെരച്ചിലുകള്‍ നടത്തിയിരുന്നു. അതിന്റെ ഫലമായാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. 1968ൽ നടന്ന അപകടത്തെ തുടർന്ന് കാണാതായവർക്കുവേണ്ടി അന്നത്തെ സർക്കാർ ആത്മാർത്ഥമായ തിരച്ചിൽ നടത്തിയിരുന്നു.
പിന്നീട് തിരച്ചിൽ നിർത്തിവച്ചു. വാജ്പേയി സർക്കാർ മരിച്ച സൈനികരുടെ മൃതശരീരം കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറാൻ തിരച്ചിൽ തുടരണമെന്ന് നിർദേശിച്ചു. മോദി സർക്കാർ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തിരച്ചിൽ തുടരുകയും മൃതദേഹങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. ശേഷിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരും.
തോമസ് ചെറിയാനൊപ്പം കിട്ടിയ മൃതദേഹങ്ങളിലൊന്ന് റാന്നി വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം തോമസിന്റേതാണെന്നാണ് സംശയം. ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തും.
നെയിംബാഡ്ജിലെ പേരും പോക്കറ്റിൽ നിന്ന് ലഭിച്ച ബുക്കുമാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ദീർഘമായി തിരച്ചിലിനിടയിലാണ് തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്.
ഇലന്തൂർ കാരയ്ക്കാട്ട് ഒടാലിൽ വീട്ടിൽ തോമസ് ചെറിയാൻ ട്രെയിനിംഗ് പൂർത്തിയാക്കി ആദ്യ പോസ്റ്റിംഗ് സ്ഥലമായ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22-ാം വയസിലാണ് ദുരന്തത്തിന് ഇരയായത്.
കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിലാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കരസേന ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ക്രാഫ്റ്റ്മാനായിരുന്നു തോമസ്. ചണ്ഡീഗഡിലെ കരസേന ബേസ് ക്യാമ്പിൽ എത്തിച്ച മൃതദേഹം അവിടെ സൈനിക ആദരവ് നൽകിയ ശേഷമാണ് നാട്ടിലേക്ക് എത്തിച്ചത്.
തോമസ് ചെറിയാന്റെ മൃതദേഹത്തിൽ പുറമെ പരിക്കുകളില്ലെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ മഞ്ഞുമലയ്ക്കുള്ളിൽ കിടന്ന മൃതദേഹം ഘനീഭവിച്ച് രൂപമാറ്റം സംഭവിച്ചു.
1968ൽ ചണ്ഡീഗഡിൽ നിന്ന് ലേ ലഡാക്കിലേക്കുപോയ എയർഫോഴ്സ് വിമാനം അപകടത്തിൽപ്പെട്ടാണ് അന്ന് 22 വയസുണ്ടായിരുന്ന തോമസ് ചെറിയാൻ മരിച്ചത്. 102 പേർ സഞ്ചരിച്ച വിമാനത്തിലെ എല്ലാവരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു.