ഡൽഹി: റഡാറുകളുടെ കണ്ണിൽ പെടാതെ മിന്നൽ വേഗത്തിൽ ആക്രമണം നടത്തുന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യ സ്വന്തമായി വികസിപ്പിക്കും. ഫ്രാൻസിന്റെ സഹായത്തോടെയാണിത്.
ചൈന തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാന് നൽകിയേക്കുമെന്നത് മുന്നിൽ കണ്ടാണ് ഇന്ത്യ സ്വന്തമായി അത്യാധുനിക വിമാനം വികസിപ്പിക്കുന്നത്.
നേരത്തേ അമേരിക്കയിൽ നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനിരുന്നതാണ്. എന്നാൽ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35 തിരുവനന്തപുരത്ത് ഗുരുതര യന്ത്രത്തകരാറിൽ പെട്ട് ഒരുമാസത്തോളമായി കിടക്കുന്നത് പരിഗണിച്ചാണ് അമേരിക്കൻ വിമാനം വേണ്ടെന്നു വച്ചത്.
ഈ വിമാനത്തിന് എൻജിൻ നൽകുന്നത് ബ്രിട്ടീഷ് കമ്പനിയായ റോൾസ് റോയിസാണ്. അവരെയും ഒഴിവാക്കിയാണ് ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യ സ്വന്തം നിലയിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നത്.
റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകിയതിന് പിന്നാലെ ഫ്രാൻസുമായുള്ള ഏറ്റവും സുപ്രധാന കരാറാണിത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ ഏറ്റവും നാശം വിതച്ചത് റാഫേൽ യുദ്ധവിമാനങ്ങളായിരുന്നു. ഇതിലും അതിശക്തമായ വിമാനങ്ങളാണ് ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യ നിർമ്മിക്കുക.
ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനി സഫ്രാനുമായി ചേർന്നാണ് അഞ്ചാം തലമുറ യുദ്ധവിമാന എൻജിനുകൾ ഇന്ത്യ വികസിപ്പിക്കുന്നത്. 61,000 കോടി രൂപയാണ് ചെലവ്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ആയിരിക്കും എൻജിൻ നിർമ്മാണം. എൻജിനിന്റെ സാങ്കേതിക വിദ്യാ കൈമാറ്റം അടക്കമാണ് പദ്ധതി. അഡ്വാൻസ്ഡ് മീഡിയം കോമ്പാക്‌റ്റ് എയർക്രാഫ്റ്റ് പോലുള്ള ഭാവി യുദ്ധ വിമാനങ്ങൾക്കുള്ള 120 കിലോന്യൂട്ടൺ ത്രസ്റ്റ് എൻജിനാണ് സഫ്രാനുമായി ചേർന്ന് നിർമ്മിക്കുക.
നേരത്തേ യുദ്ധവിമാനത്തിനായി കാവേരി എൻജിൻ ഇന്ത്യ സ്വന്തമായി നിർമ്മിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ചൈന പാകിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനം നൽകിയേക്കുമെന്നായതോടെ ഫ്രാൻസിന്റെ സഹായത്തോടെ വിമാന എൻജിൻ വികസിപ്പിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം യുദ്ധമുറകൾ അപ്പാടെ മാറ്റുകയാണ് ഇന്ത്യ. ഇനിയുള്ള യുദ്ധങ്ങളിൽ നിർണായകമാവുക ആകാശ യുദ്ധങ്ങളും മിസൈൽ ആക്രമണങ്ങളുമാണെന്ന് മനസിലാക്കിയാണ് ഇന്ത്യ കളംമാറ്റിയത്.
പത്തു വർഷത്തിനുള്ളിൽ 250 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനാണ് ഇന്ത്യയുടെ പദ്ധതി. അതിലൂടെ പാകിസ്ഥാന്റെയും ചൈനയുടെയും ഭീഷണിയെ അതിശക്തമായി പ്രതിരോധിക്കാമെന്നും ഇന്ത്യ വിലയിരുത്തുന്നു.
മിന്നൽ വേഗത്തിൽ പാകിസ്ഥാനെ ആക്രമിച്ച റാഫേലിനേക്കാൾ കരുത്തുള്ള അഞ്ചാം തലമുറ യുദ്ധവിമാനം കൈവരുന്നതോടെ ഇന്ത്യയുടെ ആക്രമണ ശക്തി പതിന്മടങ്ങാവും. ആണവ ആയുധങ്ങളടക്കം ഘടിപ്പിക്കാവുന്ന അതിശക്തമായ വിമാനങ്ങളായിരിക്കും ഇന്ത്യ ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിക്കുക.
വിമാനങ്ങളുടെ അതിശക്തമായ എൻജിനുകൾ നിർമ്മിക്കാൻ റോൾസ് റോയ്‌സും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ സാങ്കേതിക വിദ്യാ കൈമാറ്റത്തോട് അവർ അനുകൂലമായിരുന്നില്ല.
അതേസമയം ഫ്രഞ്ച് കമ്പനിയായ സഫ്രാൻ ബൗദ്ധിക സ്വത്തവകാശം അടക്കമാണ് സാങ്കേതിക വിദ്യ കൈമാറുക. ഇന്ത്യയുടെ തേജസ് മാർക്ക് 2 വിമാനങ്ങൾക്ക് 120 കെ.എൻ എൻജിൻ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്വന്തം എൻജിൻ ഇല്ലാത്തതിനാൽ യുദ്ധവിമാനങ്ങൾക്കായി ഇന്ത്യ ജി.ഇ അടക്കം വിദേശ കമ്പനികളുടെ എൻജിനുകൾ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധവിമാന നിർമാണ ചെലവിന്റെ വലിയഭാഗം എൻജിനും അനുബന്ധ അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടാണ്. സ്വന്തമായി എൻജിനുകൾ ഉണ്ടാക്കുന്നതോടെ ഇന്ത്യയ്ക്ക് പാകിസ്ഥാന് മേൽ സമ്പൂർണ വ്യോമ ആധിപത്യം കൈവരും.
ഏതൊക്കെ വിമാനങ്ങൾക്ക് ഇന്ത്യ അതിശക്തമായ അഞ്ചാം തലമുറ എൻജിനുകൾ ഉപയോഗിക്കുന്നെന്ന വിവരവും രഹസ്യമായിരിക്കും. ഇതോടെ മിന്നൽ വേഗത്തിൽ പാകിസ്ഥാനെ ആക്രമിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ കരുത്താവും.