ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 79 പ്രകാരമാണ് മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വനിത കമ്മീഷൻ കഴിഞ്ഞ ദിവസം മഹുവയ്ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മൊയ്‌ത്രയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിശദമായ റിപ്പോർട്ട് 3 ദിവസത്തിനുള്ളിൽ അറിയിക്കുകയും വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.
യുപിയിലെ ഹത്രാസിലെത്തിയ രേഖ ശര്‍മയ്ക്ക് മറ്റൊരാള്‍ കുടപിടിച്ചുകൊടുക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്തുകൊണ്ട് രേഖാ ശര്‍മയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ചോദിച്ചുകൊണ്ട് ഒരു എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിലാണ് മഹുവ കമന്റ് ചെയ്തത്. അവർ തൻറെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എന്നായിരുന്നു മഹുവയുടെ കമന്റ്.