/sathyam/media/media_files/2025/04/04/6EaOWxdQSlS6sVW5uE0X.jpg)
ന്യൂഡൽഹി: വയനാട് ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രം ഇതുവരെ മറുപടി നൽകിയില്ല. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി കേന്ദ്രം സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് കോടതി കേന്ദ്രത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണ്. മഴക്കെടുതി ബാധിച്ച പഞ്ചാബ്, ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. എന്നാൽ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ പരിഗണിച്ചില്ല. അതിനിടെയാണ് പഞ്ചാബിന് 1600 കോടിയും ഹിമാചൽപ്രദേശിന് 1500 കോടിയും ധനസഹായം പ്രഖ്യാപിച്ചത്.
2024 ജൂലൈ 29 ന് രാത്രിയിലായിരുന്നു രാജ്യത്തെ നടുക്കിയ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ കനത്ത നാശം വിതച്ച് അതിഭയാനക ഉരുൾപൊട്ടൽ ഉണ്ടായത്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോ മീറ്ററിൽ 8600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ 32 പേരെ കാണാതാകുകയും ചെയ്തിരുന്നു.