എക്‌സിറ്റ് പോളുകള്‍ 'എക്‌സാറ്റാ'യത് കേരളത്തില്‍ മാത്രം; ദേശീയ തലത്തില്‍ അമ്പേ പാളി ! ഇന്ത്യാ മുന്നണിക്ക് 'സീറ്റ്' നല്‍കാന്‍ പിശുക്ക് കാട്ടിയവര്‍ എന്‍ഡിഎയ്ക്ക് വാരിക്കോരി കൊടുത്തു, ഒടുവില്‍ ഫലം വന്നപ്പോള്‍ നാണം കെട്ടു; പ്രവചനം പാളിയതോടെ ചാനലില്‍ ഇരുന്ന് കരയേണ്ട ഗതികേടിലും-വീഡിയോ

 ഇന്ത്യാ മുന്നണിക്ക് 200ന് മുകളില്‍ പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ എക്‌സിറ്റ് പോളുകള്‍ കാറ്റില്‍ പറത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യാ മുന്നണി കാഴ്ചവച്ചത്

New Update
vote

തിരുവനന്തപുരം: കേരളത്തില്‍ എക്‌സിറ്റ് പോള്‍ ഏറെക്കുറെ ശരിയായെങ്കിലും ദേശീയ തലത്തില്‍ അമ്പേ പാളി. പന്ത്രണ്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് എന്‍ഡിഎയ്ക്ക്‌ വന്‍ വിജയം. ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ (361-401), ന്യൂസ് 24-ടുഡേസ് ചാണക്യ (400), എബിപി ന്യൂസ്-സി വോട്ടർ (353-383), റിപ്പബ്ലിക് ഭാരത്- പി മാർക്ക് (359), ഇന്ത്യ ന്യൂസ്- ഡി-ഡയാനാമിക്‌സ് (371) , റിപ്പബ്ലിക് ഭാരത്- മാട്രിസ് (353-368), ദൈനിക് ഭാസ്കർ (281-350), ന്യൂസ് നേഷൻ (342-378), ടിവി 9 ഭാരത്വർഷ്- പോൾസ്ട്രാറ്റ് (342), ടൈംസ് നൗ-ഇടിജി (358), ഇന്ത്യ ടിവി- സിഎൻഎക്സ് (362) -392), ജാൻ കി ബാത്ത് (362-392) എന്നിങ്ങനെയായിരുന്നു വിവിധ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ച സീറ്റുകള്‍.

Advertisment

എന്നാല്‍ ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം എന്‍ഡിഎയ്ക്ക് ലഭിച്ചതാകട്ടെ 294 സീറ്റുകള്‍. ഇന്ത്യാ മുന്നണി 230ഉം. മിക്ക എക്‌സിറ്റ് പോളുകളും പരാജയമായെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. ദൈനിക് ഭാസ്‌കറിന്റെ പ്രവചനമാണ് കുറച്ചെങ്കിലും എന്‍ഡിഎയുടെ കാര്യത്തില്‍ ശരിയായത്.  ഇന്ത്യാ മുന്നണിക്ക് 145 മുതല്‍ 201 സീറ്റ് വരെ കിട്ടിയേക്കാമെന്നായിരുന്നു ദൈനിക് ഭാസ്‌കര്‍ പ്രവചിച്ചത്.

exit poll

 ചിത്രം: വിവിധ ഏജന്‍സികള്‍/ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോള്‍

ഇന്ത്യാ മുന്നണിക്ക് 200ന് മുകളില്‍ പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ എക്‌സിറ്റ് പോളുകള്‍ കാറ്റില്‍ പറത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യാ മുന്നണി കാഴ്ചവച്ചത്. 400 സീറ്റെന്ന എന്‍ഡിഎയുടെ സ്വപ്‌നം സഫലവുമായില്ല.

കരഞ്ഞുപോയി !

എക്‌സിറ്റ് പോള്‍ പ്രവചനം പാളിയതോടെ ആക്‌സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്തയ്ക്ക് നിയന്ത്രണം വിട്ടു. ഒരു ചാനലില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ഇദ്ദേഹം പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സൈബറിടത്തില്‍ വൈറലാണ്.  

പാനൽ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. പ്രദീപ് ഗുപ്തയെ ആശ്വസിപ്പിക്കാന്‍ പാനലിലുണ്ടായിരുന്ന മറ്റുള്ളവര്‍ ശ്രമിക്കുന്നതും കാണാം. വോട്ടെണ്ണലിൻ്റെ തലേന്ന്, ഗുപ്ത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത് ഇങ്ങനെ:

“ആക്‌സിസ് മൈ ഇന്ത്യ കഴിഞ്ഞ 10 വർഷമായി തുടർച്ചയായി എക്‌സിറ്റ് പോൾ നടത്തി. 2 ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 69 തിരഞ്ഞെടുപ്പുകളിൽ ഞങ്ങൾ അത് ചെയ്തു. ഞങ്ങളുടെ പ്രവചനങ്ങൾ 65 തവണ ശരിയായിട്ടുണ്ട്. വിശ്വാസ്യതയെ സംബന്ധിച്ചിടത്തോളം, ചോദ്യങ്ങൾ ഉന്നയിക്കുന്ന ആളുകൾ ഞങ്ങളുടെ ട്രാക്ക് റെക്കോർഡ് നോക്കണം, അവർ സംതൃപ്തരാകും"

Advertisment