/sathyam/media/media_files/IkI9YWQF6dr3c4tmC4Rl.jpg)
ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. പടിഞ്ഞാറൻ ഇംഫാൽ, തൗബാൽ ജില്ലകളിലെ വനമേഖലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് 13 ഗ്രനേഡുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ, എം -16 റൈഫിൾ, മറ്റ് ആയുധങ്ങൾ എന്നിവ കൂടാതെ 19 സ്‌ഫോടക വസ്തുക്കളും പൊലീസുമായി ചേർന്ന നടത്തിയ സംയുക്ത ഓപ്പറേഷനിൽ സുരക്ഷാ സേന കണ്ടെടുത്തു.
ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണിപ്പൂരിലെ വംശീയ സംഘട്ടനത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ പൊലീസിന്റെ ആയുധപ്പുരയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ഗ്രനേഡുകളും റൈഫിളുകളുമാണ് കണ്ടെത്തിയത്.
അതേസമയം മണിപ്പൂരിൽ വീണ്ടും വെടിവെപ്പുണ്ടായി. രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന ഗ്രാമത്തിലാണ് കുക്കി മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ് തുടരുന്നത്. 36 മണിക്കൂറിലധികമായി വെടിവെയ്പ്പ് തുടരുകയാണ്.
നരൻസീന ​ഗ്രാമത്തിലെ സലാം ജോതിൻ സിം​ഗ് എന്ന കർഷകന് നേരെ വെടിവെച്ചതോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. വെടിവെപ്പിൽ സലാം ജോതിൻ സിം​ഗ് പരിക്കുകളോടെ രക്ഷപ്പെട്ടു. സൈന്യവും അസം റൈഫിൾസും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. സ്ഥിതി​ഗതികൾ സംഘർഷഭരിതമാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us