പട്യാല: പിറന്നാൾ ദിനത്തിൽ ഓൺലൈനിൽ ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 10 വയസുകാരി മരിച്ചു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം നടന്നത്. മന്‍വി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണു മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്.
കേക്ക് കഴിച്ച കുടുംബാംഗങ്ങള്‍ക്ക് എല്ലാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് കേക്ക് ഓൺലൈനായി ഓർഡർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ മാന്‍വിയുടെ കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പെണ്‍കുട്ടിയുടെ അന്ത്യം.
മാർച്ച് 24 ന് വൈകുന്നേരം 7 മണിയോടെയാണ് കേക്ക് മുറിച്ചത്. രാത്രി 10 മണിയോടെയാണ് കേക്ക് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛൻ ഹർബൻ ലാൽ പറഞ്ഞു.മാന്‍വിയും സഹോദരിയും തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഇരുവര്‍ക്കും കടുത്ത ദാഹം അനുഭവപ്പെടുകയും, വെള്ളം കുടിച്ചതിന് ശേഷം ഉറങ്ങാന്‍ പോവുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ആരോഗ്യനില വഷളായത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
'കേക്ക് കന്ഹ' എന്ന ബേക്കറിയില്‍ നിന്ന് ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ബേക്കറി ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.