കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് മന്ത്രിതല സമിതി; ഏതാനും ലഘുഭക്ഷണങ്ങളുടേയും ജിഎസ്ടി കുറയ്ക്കാനും തീരുമാനം- ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 54-ാമത് യോഗം സമാപിച്ചു

New Update
nirmala sitharaman 1

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 54-ാമത് യോഗം സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർക്കൊപ്പം ധനമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Advertisment

ഫിറ്റ്‌മെൻ്റ് കമ്മിറ്റിക്ക് സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം ഓൺലൈൻ ഗെയിമിംഗിൽ ജിഎസ്ടി പ്രഖ്യാപിച്ചതിന് പിന്നാലെ വരുമാനത്തിൽ 412 ശതമാനം വർധനയുണ്ടായതായി ധനമന്ത്രി പറഞ്ഞു.

മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസുമായി ബന്ധപ്പെട്ടുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന് മന്ത്രിമാരുടെ സമിതി രൂപീകരിക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. ഒക്ടോബർ അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന്‌ ധനമന്ത്രി പറഞ്ഞു.

ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ക്യാൻസർ ചികിത്സയുടെ മൊത്തത്തിലുള്ള ചെലവ് ഇനിയും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 

കേന്ദ്ര-സംസ്ഥാന സർക്കാർ നിയമങ്ങളാൽ സ്ഥാപിതമായ സർവ്വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളെയും, അല്ലെങ്കിൽ ആദായനികുതി ഇളവുകൾ അനുവദിച്ചിട്ടുള്ളവയെയും ഗവേഷണ ഫണ്ടിംഗിൽ ജിഎസ്ടി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കും.

2026 മാർച്ച് വരെ പ്രതീക്ഷിക്കുന്ന മൊത്തം സെസ് പിരിവ് 8.66 ലക്ഷം കോടി രൂപയാണെന്ന് ജിഎസ്ടി കൗൺസിൽ യോഗം വെളിപ്പെടുത്തി. വായ്പാ തിരിച്ചടവ് തീർപ്പാക്കിയ ശേഷം ഏകദേശം 40,000 കോടി രൂപയുടെ മിച്ചമാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത അധിക ഐജിഎസ്ടി വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നെഗറ്റീവ് ഐജിഎസ്ടി ബാലൻസ് പരിഹരിക്കാൻ റവന്യൂ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ജിഎസ്ടി പാനൽ തീരുമാനിച്ചു.

ബിസിനസ് ടു കസ്റ്റമർ (ബി2സി) ജിഎസ്ടി ഇൻവോയ്സിംഗ് അവതരിപ്പിക്കാനും തീരുമാനിച്ചു. ജിഎസ്ടി ഇൻവോയ്സ് മാനേജ്മെൻ്റിനുള്ള ഈ പുതിയ സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കാർ സീറ്റുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തും. 

Advertisment