ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലാഡ്‌വ സീറ്റിൽ മത്സരിക്കും.
ഹരിയാന സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത പഞ്ച്കുളയിൽ നിന്നും മുൻ ആഭ്യന്തര മന്ത്രി അനിൽ വിജ് അംബാല കാൻ്റിൽ നിന്നും മുൻ ഹരിയാന ബി ജെ പി അധ്യക്ഷൻ ഓം പ്രകാശ് ധങ്കർ ബാദ്‌ലിയിൽ നിന്നും മുൻ സ്പീക്കർ കൻവർ പാൽ ഗുർജാർ ജഗധ്രിയിൽ നിന്നും മുൻ എംപി സുനിത ദുഗ്ഗൽ രതിയയിൽ നിന്നും മത്സരിക്കും.
അടുത്തിടെ ബിജെപിയിൽ ചേർന്ന ദേവേന്ദർ സിംഗ് ബബ്ലി, സഞ്ജയ് കബ്ലാന, ശ്രുതി ചൗധരി എന്നിവർ യഥാക്രമം തോഹാന, ബെരി, തോഷാം സീറ്റുകളിൽ മത്സരിക്കും.
കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിൻ്റെ മകൾ ആർതി സിങ് റാവു അതേലിയിൽ മത്സരിക്കും. ക്യാപ്റ്റൻ അഭിമന്യുവിൻ്റെയും കുൽദീപ് ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിഷ്‌ണോയിയുടെയും പേരുകളും പട്ടികയിലുണ്ട്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 5 നും വോട്ടെണ്ണൽ ഒക്ടോബർ 8 നും നടക്കും. സ്ഥാനാർത്ഥികൾക്ക് സെപ്റ്റംബർ 12 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും സെപ്റ്റംബർ 16 നകം പിൻവലിക്കാനും കഴിയും.