ഹേമന്ത് സോറന്‍ റിട്ടേണ്‍സ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കും; അതൃപ്തിയില്‍ ചമ്പായി സോറന്‍, താന്‍ അപമാനിക്കപ്പെട്ടുവെന്ന് പ്രതികരണം; 'ചമ്പായി'യെ പിടിവള്ളിയാക്കാന്‍ ബിജെപി

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ്‌ ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും

New Update
hemant soren.jpg

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ്‌ ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇന്ത്യാ മുന്നണി യോഗത്തിലാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരിയിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ചത്.

Advertisment

ഹേമന്ത് സോറന്‍ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ചമ്പായി സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കൈമാറി. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചമ്പായി സോറന്‍ രാജ്ഭവനിലെത്തിയത്. സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചു.

എന്നാല്‍ ചമ്പായി സോറൻ അതൃപ്തനാണെന്നാണ് വിവരം. ചമ്പായി സോറനെ ജെഎംഎമ്മിൻ്റെ എക്‌സിക്യൂട്ടീവ് പ്രസിഡൻ്റായി നിയമിച്ചേക്കുമെന്നാണ് സൂചന.

അപമാനഭാരത്താല്‍ ചമ്പായി സോറന്‍

താന്‍ അപമാനിക്കപ്പെട്ടുവെന്ന്‌ ജെഎംഎമ്മിൻ്റെ നിയമസഭാ കക്ഷി യോഗത്തിൽ ചമ്പായി സോറൻ പറഞ്ഞുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ചമ്പായിയുടെ അതൃപ്തി കണക്കിലെടുക്കാതെ യോഗം ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

 ഇന്ന് ചമ്പായി സോറൻ്റെ വസതിയിൽ നടന്ന യോഗത്തിലാണ് ഹേമന്ത് സോറൻ്റെ തിരിച്ചുവരവ് സംബന്ധിച്ച് ഭരണമുന്നണി നേതാക്കൾ ധാരണയിലെത്തിയത്. യോഗത്തിൽ കോൺഗ്രസിൻ്റെ ജാർഖണ്ഡ് ഇൻചാർജ് ഗുലാം അഹമ്മദ് മിർ, സംസ്ഥാന പ്രസിഡൻ്റ് രാജേഷ് താക്കൂർ, ഹേമന്ത് സോറൻ്റെ ഭാര്യയും എംഎൽഎയുമായ കൽപ്പന സോറൻ എന്നിവർ പങ്കെടുത്തു.

ബിജെപിയുടെ പിടിവള്ളി

ജാര്‍ഖണ്ഡിലെ നിയമസഭ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കാനാണ് സാധ്യത. ഹേമന്ത് സോറനെ മുന്നില്‍ നിര്‍ത്തി പോരാടാന് ജെഎംഎമ്മിന്റെ ശ്രമം. എന്നാല്‍ ചമ്പായി സോറന്റെ അതൃപ്തി പ്രതിപക്ഷമായ ബിജെപിക്ക് പിടിവള്ളിയായി. 

ജാർഖണ്ഡിൽ ചമ്പായി സോറന്‍ യുഗം അവസാനിച്ചെന്ന്  ബിജെപി എംപി നിഷികാന്ത് ദുബെ പരിഹസിച്ചു. കുടുംബാധിഷ്ഠിത പാര്‍ട്ടിയില്‍ മറ്റ് ആളുകള്‍ക്ക് രാഷ്ട്രീയ ഭാവിയില്ലെന്നും  ജെഎംഎമ്മിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

Advertisment