ഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ഇന്ത്യ ഒരുങ്ങുകയാണ്. 96. 88 കോടി വോട്ടർമാരുള്ള പാർലമെന്റ് തിരഞ്ഞെടുപ്പ് മാർച്ച് രണ്ടാംവാരത്തിൽ പ്രഖ്യാപിക്കും. ഏപ്രിൽ പകുതി മുതൽ ഘട്ടം ഘട്ടമായാവും തിരഞ്ഞെടുപ്പ് നടത്തുക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിൽ നടക്കുന്നത്. അതിനാൽ തന്നെ ലോകം ഉറ്റുനോക്കുന്നതാണ് ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ്.
വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്. ആകെയുള്ളത് 96,88,21,926 വോട്ടർമാരാണ്. 2019നെക്കാൾ ആറു ശതമാനം വർദ്ധനവാണുള്ളത്.
പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. ഇതോടെ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ കമ്മിഷന്റെ പര്യടനം അടുത്തയാഴ്ച തുടങ്ങും. ഏതു സമയത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നുള്ളതിനാൽ മുന്നണികളും പാർട്ടികളും സ്ഥാനാർത്ഥി നിർണയത്തിലേക്കടക്കം കടന്നുകഴിഞ്ഞു. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തുവരും. കോൺഗ്രസ് കേരളത്തിലടക്കം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
2019-ല്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 10 നായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 16 മുതല്‍ മേയ് 19 വരെയായിരുന്നു വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണി. സമാനമായ തിരഞ്ഞെടുപ്പുക്രമം തന്നെയാണ് ഇത്തവണയും കമ്മിഷന്‍ ആലോചിക്കുന്നത്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2019-ലെ 10.36 ലക്ഷത്തില്‍നിന്ന് ഇക്കുറി 11.8 ലക്ഷമായി ഉയരും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ രാജ്യ പര്യടനത്തിന്റെ തുടക്കം ഒഡിഷയില്‍നിന്നാണ്. ഈമാസം 15 മുതല്‍ 17 വരെയാണ് ഒഡിഷയിലെ പര്യടനം. ആന്ധ്രാപ്രദേശില്‍ കമ്മിഷന്‍ ഒരുവട്ടം പര്യടനം നടത്തിയിരുന്നു.
ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കേണ്ടത്. ഒഡിഷയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പിന്നാലെ ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം അവസാനവും മാര്‍ച്ച് ആദ്യവുമായി പശ്ചിമബംഗാള്‍, യു.പി. സംസ്ഥാനങ്ങളില്‍ കമ്മിഷനെത്തും.
വോട്ടർമാരിൽ കൂടുതൽ പുരുഷൻമാർ 49,72, 31, 994. സ്‌ത്രീകൾ 47,15,41,888, മൂന്നാം ലിംഗക്കാർ 48,044, ഭിന്നശേഷിക്കാർ 88,35,449 യുവാക്കളുടെ എണ്ണവും വൻതോതിൽ കൂടി. 18-19 പ്രായക്കാർ: 1,84,81,610. 20-29 പ്രായക്കാർ: 19,74,37,160. 80 വയസിന് മുകളിൽ 1,85,92,918, 100ന് മുകളിൽ 2,38,791 പുതിയ വോട്ടർമാർ 2.63കോടി ഇതിൽ സ്‌ത്രീകൾ 1.41 കോടി, പുരുഷൻമാർ 1.22(വനിതാ വോട്ടുകളിൽ 1.22ശതമാനം വർദ്ധന) 18-19, 20-29 പ്രായ വിഭാഗങ്ങളിൽ പുതിയതായി രണ്ടു കോടിയിൽ കൂടുതൽ പേരുണ്ട്. മരിച്ച 67,82,642 പേരെയും സ്ഥിരമായി സ്ഥലത്തില്ലാത്ത 75,11,128 പേരെയും ഇരട്ടിപ്പുള്ള 22,05,685 പേരെയും പട്ടികയിൽ നിന്നൊഴിവാക്കി.