/sathyam/media/media_files/2025/04/28/BYIX1EB1Hy7gOGwClAwf.jpg)
ഡൽഹി: കാശ്മീരിലെ പഹൽഗാമിൽ 27 സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതിന് തിരിച്ചടിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കെ, ചൈനയെയും തുർക്കിയെയും കൂട്ടുപിടിച്ച് പാകിസ്ഥാൻ.
പഹൽഗാം ആക്രമണത്തിന്റെ പേരിൽ പാകിസ്ഥാൻ ലോകമെങ്ങും ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ചൈനയെ കൂട്ടുപിടിച്ച് പാകിസ്ഥാൻ രംഗത്തെത്തിയത്.
പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കുമെന്ന് അറിയിച്ച ചൈന ആക്രമണത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ സഹായം തേടിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനയെ ഇതിലേക്ക് ബോധപൂർവ്വം വലിച്ചിടുകയാണ് പാകിസ്ഥാൻ. പാക് അധീന കാശ്മീരിലെ 5000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം പാകിസ്ഥാൻ തന്ത്രപൂർവം ചൈനയ്ക്ക് കൈമാറിയിരുന്നു.
അതിനാൽ പാക് അധീന കാശ്മീർ ഇന്ത്യ സൈനിക നീക്കത്തിലൂടെ തിരിച്ചെടുത്താൽ അതിലൊരു കക്ഷിയായ ചൈനയും തടയാനുണ്ടാവുമെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തൽ.
അതിനാൽ തന്ത്രപൂർവമായിരിക്കും ഇന്ത്യയുടെ നീക്കങ്ങൾ. അതേസമയം, ഇസ്രയേലും റഷ്യയുമടക്കം വൻശക്തികൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യ സൈനികമായി തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെയാണ് ചൈനയുടെയും അറബ് രാജ്യങ്ങളുടെയും സഹായം പാകിസ്ഥാൻ തേടിയത്. എന്നാൽ ഇന്ത്യ നേരത്തേ കാര്യങ്ങൾ ധരിപ്പിച്ചിരുന്നതിനാൽ തുർക്കി ഒഴിച്ചുള്ള മുസ്ലീം രാജ്യങ്ങൾ പാകിസ്ഥാന് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ചൈനയുടെയും തുർക്കിയുടെയും നൂതന ആയുധങ്ങൾ പാകിസ്ഥാന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ തിരിച്ചടി നേരിടാൻ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന പാകിസ്ഥാന് നൽകിയെന്നാണ് റിപ്പോർട്ടുകൾ.
പാക് സേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 യുദ്ധ വിമാനങ്ങളിൽ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ചൈനയുടേതാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത്.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാന്റെ സൈനിക ശേഷി പിന്നിലാണ്. അതിനാലാണ് അവർ മറ്റ് രാജ്യങ്ങളുടെ സഹായം തേടുന്നത്. ഞായറാഴ്ച കറാച്ചിയിൽ യുദ്ധോപകരണങ്ങളുമായി തുർക്കി വ്യോമസേനയുടെ സി-130 ഹെർക്കുലീസ് സൈനിക വിമാനം എത്തിയതായും റിപ്പോർട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം നിലനിൽക്കുന്നുണ്ട്. തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ ഒരു സൈനിക താവളത്തിൽ ഇറങ്ങിയതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാന് സൈനിക സഹായം നൽകിയെന്ന് തുർക്കി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ചൈന സൈനിക സഹായം വാഗ്ദാനം ചെയ്യുന്ന അതേ രീതിയിൽ തന്നെയാണ് തുർക്കിയുടെയും പിന്തുണ. ഡ്രോൺ അടക്കം സൈനിക സഹായങ്ങളും തുർക്കി ഇതിനോടകം പാകിസ്ഥാന് നൽകിയിട്ടുണ്ട്.
ലോകത്തെ വ്യോമശക്തികളിൽ ഒമ്പതാം സ്ഥാനത്താണ് തുർക്കി. 1,069 വിമാനങ്ങൾ ഇവരുടെ ശേഖരത്തിൽ ഉണ്ട്. ഇന്ത്യയാവട്ടെ നാലാം സ്ഥാനത്താണ്. 2296 വിമാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ എയർഫോഴ്‌സ്.
ഇന്ത്യയെ നേിടാൻ ആയുധങ്ങൾ, ഡ്രോണുകൾ, ടാങ്ക് വേധ മിസൈലുകൾ എന്നിവയെല്ലാം ഇരു രാജ്യങ്ങളും പാകിസ്ഥാനിൽ എത്തിച്ചതായാണ് വിവരം. ആറ് ഹെർക്കുലിസ് സി 130 വിമാനങ്ങൾ തുർക്കി പാകിസ്ഥാന് നൽകിയെന്നും ചൈന ദീർഘദൂര മിസൈലുകൾ നൽകിയെന്നും സൂചനയുണ്ട്.
തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആക്രമണം നടത്താൻ പാകിസ്ഥാന് കഴിയുമെന്നതിനാൽ കരുതലോടെയാണ് ഇന്ത്യ പ്രതിരോധ തന്ത്രങ്ങൾ മെനയുന്നത്.
2023ൽ ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലെ ജനങ്ങൾക്ക് 10കോടി രൂപ കേരളം സഹായം നൽകിയിരുന്നു. ഈ തുക ബജറ്റിൽ പ്രഖ്യാപിക്കുകയായിരുന്നു. തുർക്കിക്ക് തുക കൈമാറുന്നതിനുള്ള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തിന് നൽകിയിരുന്നു.
തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിനു പേരെ നിരാലംബരാക്കുകയും ചെയ്തു. ഭൂകമ്പ ബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ളവർ മുന്നോട്ടു വന്നു.
പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ടായ ഘട്ടത്തിൽ കേരളത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും വന്ന സഹായങ്ങളെ ഈ ഘട്ടത്തിൽ നന്ദിയോടെ ഓർക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു.
തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും അവർ കേരളത്തിന്റെ വിഹിതമാണെന്ന് അറിയിച്ച് തുക കൈമാറുകയുമായിരുന്നു.
ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ബംഗ്ളാദേശ്, ശ്രീലങ്ക, തായ്‌ലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ കര-ജല അതിർത്തി പങ്കിടുന്നത്. ഇതിൽ നേപ്പാൾ, ചൈന, ഭൂട്ടാൻ എന്നിവയുമായി കരവഴി മാത്രമാണ് അതിർത്തി പങ്കിടുന്നത്.
ആകെ 15000 കിലോമീറ്ററോളം വരുമിത്. 7500 കിലോമീറ്ററിലധികം കടൽവഴിയുള്ള അതിർത്തിയും ഇന്ത്യയ്‌ക്കുണ്ട്. ഇവിടങ്ങളിലെല്ലാം അയൽരാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ഇന്ത്യയ്‌ക്കുണ്ട്. അതിർത്തികൾ സുരക്ഷിതമാക്കാൻ നിരീക്ഷണത്തിന് ഇന്ത്യയ്‌ക്ക് 55 സാറ്റലൈറ്റുകളാണുള്ളത്.
കാർടോസാറ്റ്-2സി, 2-ഡി, കാർടോസാറ്റ് 3 എ, 3 ബി, റിസാറ്റ് 2എ എന്നിവയൊക്കെയാണ് പ്രതിരോധ നിരീക്ഷണത്തിന് ഇന്ത്യ ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ. ഇവയുടെ എണ്ണം വരുന്ന മൂന്ന് വർഷത്തിനകം 100 മുതൽ 150 എണ്ണം വരെ കൂട്ടാനാണ് ഐഎസ്‌ആർഒ തീരുമാനം.