/sathyam/media/media_files/htAUaMALkrIrG7oJfuoj.jpg)
ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തര്‍സംസ്ഥാന സംഘം ഹൈദരാബാദില്‍ പിടിയില്‍. ഗ്രേറ്റർ ഹൈദരാബാദിലെ രചകോണ്ട കമ്മീഷണറേറ്റിലെ പൊലീസാണ് റാക്കറ്റിനെ പിടികൂടിയത്. 13 കുട്ടികളെ ഇവരില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. നാല് ആണ്‍കുട്ടികളും, ഒമ്പത് പെണ്‍കുട്ടികളുമാണ് ഇവരുടെ ഒപ്പമുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിക്ക് രണ്ട് മാസം മാത്രമാണ് പ്രായം.
മെയ് 22 ന് 4.50 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റതിന് അറസ്റ്റിലായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (ആർഎംപി) ശോഭ റാണിയില്‍ നിന്നാണ് പൊലീസ് റാക്കറ്റിനെ കുറിച്ച് മനസിലാക്കിയത്. സംഭവത്തില്‍ എട്ട് സ്ത്രീകളടക്കം 11 പേരെ പിടികൂടി. ഡൽഹി, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കുട്ടികളെ എത്തിച്ചിരുന്നത്.
ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ് കുട്ടികള്‍. 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിൽപന നടത്തിയിരുന്നതെന്ന് രചകൊണ്ട പൊലീസ് കമ്മീഷണർ തരുൺ ജോഷി പറഞ്ഞു.
അറസ്റ്റിലായവരെല്ലാം തെലങ്കാനയിലും അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും താമസിക്കുന്നവരാണ്. ഡൽഹി, പൂനെ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നുപേരാണ് കുഞ്ഞുങ്ങളെ എത്തിച്ചതെന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി.
ഡൽഹിയിൽ നിന്നും പൂനെയിൽ നിന്നും കൊണ്ടുവന്ന കുട്ടികളെ അനധികൃതമായി കൊണ്ടുപോയി വിജയവാഡയിലും ഹൈദരാബാദിലും വിൽക്കുകയായിരുന്നു. നിയമപ്രശ്‌നങ്ങള്‍ കാരണം ദത്തെടുക്കലിനായി കാത്തിരിക്കാൻ ആഗ്രഹിക്കാത്ത ദമ്പതികൾ അവരിൽ നിന്ന് കുട്ടികളെ വാങ്ങുകയും അവർക്കായി 4 മുതൽ 5 ലക്ഷം രൂപ വരെ നൽകാനും തയ്യാറായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് മാസം മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ഇവരെ ശിശുക്ഷേമ വകുപ്പിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us