/sathyam/media/media_files/2025/11/19/goa-film-festival-2025-11-19-14-21-28.jpg)
പനജി: നാളെ മുതൽ എട്ടുദിവസം ഗോവൻ തീരത്ത് ലോകസിനിമയുടെ ആരവവും ആവേശവും ഉയരും. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാവുകയാണ്. ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം.
ഗബ്രിയേൽ മസ്കാരോയാണ് സംവിധായകൻ. 28 വരെ നീളുന്ന മേളയിൽ കൺട്രി ഓഫ് ഫോക്കസ് ജപ്പാനായിരിക്കും. 7500ഓളം പ്രതിനിധികളും പതിനായിരക്കണക്കിന് ചലച്ചിത്ര ആസ്വാദകരും ഗോവയിലേക്ക് എത്തുകയാണ്.
കേരളത്തിൽ നിന്ന് ആയിരക്കണക്കിനാളുകൾ ചലച്ചിത്രോത്സവം ആസ്വദിക്കാനെത്തുന്നുണ്ട്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
81 രാജ്യങ്ങളിൽനിന്നായി 240ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. വനിതകൾ നിർമിച്ച 50 ചിത്രങ്ങളും ഓസ്കാർ എൻട്രി ലഭിച്ച 21 ചിത്രങ്ങളും പുതുമുഖ സംവിധായകർ നിർമ്മിച്ച 50 ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.വി.താമർ സംവിധാനം ചെയ്ത മലയാള ചിത്രം സർക്കീട്ടും രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ എന്ന തമിഴ് ചിത്രവും സന്തോഷ് ദാവാഖർ സംവിധാനം ചെയ്ത മറാത്തി ചിത്രം ഗോന്ധാലും മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവയാണ്. സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനീകാന്തിനെ 28നു നടക്കുന്ന സമാപന ചടങ്ങിൽ ആദരിക്കും.
മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള സുവർണ മയൂരത്തിനായി മത്സരിക്കുന്ന 15 സിനിമകളിൽ മലയാളത്തിൽനിന്ന് ആസിഫ് അലിയുടെ ‘സർക്കീട്ട്’ ഉൾപ്പെട്ടത് കേരളത്തിനും അഭിമാനകരമാണ്. ബാലതാരമായ ഓർഹാൻ ഹൈദറും ദിവ്യപ്രഭയുമാണ് മറ്റു പ്രധാന താരങ്ങൾ. സർക്കീട്ടിലൂടെ മലയാളവും മത്സരവിഭാഗത്തിൽ മിന്നുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/19/arm-2025-11-19-14-23-36.jpg)
മേളയിൽ മലയാള സിനിമാ പ്രാതിനിധ്യം വേറെയുമുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാലിന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലെ 25 സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവാഗത സംവിധായകവിഭാഗത്തിലേക്ക് മത്സരത്തിന് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ സംവിധാനം ചെയ്ത ‘എആർഎം’ (അജയന്റെ രണ്ടാം മോഷണം) തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ കാലത്തിന് അനുസരിച്ചുള്ള ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. വെബ്, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിലെ മികവിന് ഇത്തവണ മുതൽ പുരസ്കാരം നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിതമായ ഹ്രസ്വസിനിമകളും പ്രദർശിപ്പിക്കും. ഇതും ആദ്യമായാണ്.
ജപ്പാനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പ്രദർശനങ്ങളും ഉണ്ടാകും. മേളയുടെ ഉദ്‌ഘാടനം പനജിയിലെ പ്രത്യേക ഓപ്പൺ വേദിയിലായിരിക്കും. ഗോവയിൽ നിർമിച്ച ഏഴ് കൊങ്കണി ചിത്രങ്ങൾ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us