റോവറിൽ നിന്നുള്ള ആദ്യചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില.

author-image
shafeek cm
New Update
rover.

ബെംഗളൂരു: റോവർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. റോവർ സഞ്ചരിച്ച പാടുകൾ ചിത്രങ്ങളിൽ വ്യക്തമാണ്. ദക്ഷിണധ്രുവത്തിലെ സമതല പ്രദേശം വ്യക്തമായി ചിത്രങ്ങളിൽ കാണാം. പുതിയപാതയിലാണ് റോവർ സഞ്ചരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. സഞ്ചാരപാതയിൽ വലിയ ഗർത്തമുള്ളതിനാലാണ് റോവർ വഴിമാറി സഞ്ചരിക്കുന്നത്.

Advertisment

ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച ചന്ദ്രയാൻ-3 കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടിരുന്നു. വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചന്ദ്രന്‍റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്‍റീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്.

വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില. ഓരോ സെന്‍റിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസിലെത്തുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.

വിവിധ ആഴങ്ങളിൽ താപവ്യതിയാനങ്ങളെക്കുറിച്ചുള്ള ഒരു ഗ്രാഫും ഐഎസ്ആർഒ പങ്കിട്ടിരുന്നു. 'ഈ ഗ്രാഫ് ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങൾ വരച്ചുകാട്ടുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇത്തരമൊരു പ്രൊഫൈൽ ഇതാദ്യമാണ്. വിശദമായ പഠനം നടത്തിവരുന്നു,' ഐഎസ്ആർഒ അറിയിച്ചു. -10 ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയാണ് ഗ്രാഫിൽ കാണിച്ചിരിക്കുന്ന താപനില.

ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും ദൗത്യം പഠനം നടത്തും. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് ഏതൊക്കെ തരം മൂലകങ്ങൾ ഉണ്ടെന്ന് കണ്ടെത്തും. എക്സിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ചന്ദ്രയാൻ പുറത്ത് വിട്ടത്.

latest news chandrayan 3
Advertisment