/sathyam/media/media_files/d9fgQxOZee7UMWMvMuGI.jpg)
ബെംഗളൂരു: നാളെ ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാന്‍ എഐ ക്യാമറ സംവിധാനമൊരുക്കി കര്‍ണാടക നിയമസഭ. നിയമസഭയില്‍ എംഎല്‍എമാര്‍ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുമെന്നും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്ബോര്‍ഡില്‍ ലഭ്യമാകും. കൃത്യസമയത്ത് സെഷനില്‍ വരുന്ന എംഎല്‍എമാരെ സ്പീക്കര്‍ യു ടി ഖാദറിന് തിരിച്ചറിയാം. നടപടിക്രമങ്ങളില്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നവരെയും തിരിച്ചറിയും. മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവര്‍ത്തിക്കുക.
കഴിഞ്ഞ വര്‍ഷം സ്പീക്കറായ ശേഷം ഖാദര്‍ നിയമസഭയില്‍ നിശ്ചിത സമയത്തോ നേരത്തെയോ എത്തുന്ന എംഎല്‍എമാരെ പരിശോധിക്കുന്ന സംവിധാനം തുടങ്ങിയിരുന്നു. എന്നാല്‍ വൈകിയെത്തിയ എംഎല്‍എമാര്‍ നടപടികള്‍ അവസാനിക്കുന്നതുവരെ നിന്നാലും രേഖപ്പെടുത്തിയിരുന്നില്ല. ഈ പരാതി പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മേളനത്തിന് നേരത്തെ എത്തുന്നവരെ പരിഗണിച്ച് മികച്ച നിയമസഭാംഗത്തിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കുറച്ച് വൈകിയെങ്കിലും അവസാനം വരെ നില്‍ക്കുന്ന എംഎല്‍എമാരെയും പരിഗണിക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. അതിനാല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണക്കാക്കുമെന്നും ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.