/sathyam/media/media_files/2024/12/26/AcmTGSrQrOeJL1jgT87s.jpg)
ബം​ഗലൂരു: കർണാടകയിൽ ബിജെപി എംഎല്‍എമാർക്കെതിരെ മുട്ട ആക്രമണം നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് ആരോപിച്ച് എംഎല്‍എ എൻ മുനിരത്ന നായിഡു പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നീക്കം.
കഴിഞ്ഞ ദിവസം ലക്ഷ്മിദേവിനഗറില്‍വെച്ചാണ് മുനിരത്നത്തിന് നെരെ ചിലര്‍ മുട്ട എറിഞ്ഞത്. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും തനിക്കെതിരെ എറിഞ്ഞ മുട്ടയ്ക്കുള്ളില്‍ ആസിഡ് അടക്കം ചേര്‍ത്തിട്ടുണ്ടെന്നുമാണ് മുനിരത്നം അരോപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണെന്നും അദ്ദേഹം അരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ മൂന്ന് പേരെ ബുധനാഴ്ച്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബലാത്സംഗം, ഹണി ട്രാപ് കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന മുനിരത്നം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.