കര്‍ണാടകയില്‍ 'പോര്' മുറുകുന്നു; 'മുഖ്യമന്ത്രിയെ മാറ്റണം'; ഡികെ ശിവകുമാറിന്റെ അനുയായികള്‍ യോഗം ചേര്‍ന്നു; ഇത്തരമൊരു യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഡി.കെ ശിവകുമാർ

മഗഡി എംഎല്‍എയായ എച്ച്‌സി ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം.

author-image
Pooja T premlal
New Update
karnataka

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നു.

Advertisment

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികളായ എംഎല്‍.എമാര്‍ രംഗത്തെത്തി.

എന്നാല്‍ ഇത്തരമൊരു യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം.

മഗഡി എംഎല്‍എയായ എച്ച്‌സി ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. 

ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന സമാനചിന്താഗതിക്കാരായ നാല്‍പ്പത് എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 

ഇതേക്കുറിച്ച് ബാലകൃഷ്ണയുടെ പ്രതികരണം ഇങ്ങനെ; തന്റെ ജന്മദിനം ശനിയാഴ്ചയാണ്. വെള്ളിയാഴ്ച മുതല്‍ താന്‍ ബംഗളൂരുവില്‍ ഉണ്ടാകില്ല. അതിനാല്‍ വ്യാഴാഴ്ച എല്ലാവരും ഒത്തുകൂടി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചയായി.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള നിലവിലെ അനിശ്ചിതത്വം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും, ഹൈക്കമാന്‍ഡ് ഇടപെട്ട് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായും ബാലകൃഷ്ണ പറഞ്ഞു. എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തിലെത്തുമ്പോള്‍ ആളുകള്‍ ഇക്കാര്യം ചോദിക്കുന്നു. അത് ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന തരത്തില്‍ കരാര്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2025 നവംബറില്‍ സര്‍ക്കാരിന്റെ രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായതോടെയാണ് ഈ തര്‍ക്കം വീണ്ടും ശക്തിപ്പെട്ടത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ ഇപ്പോഴത്തെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നാണ് ബാലകൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം.
  

Advertisment