Advertisment

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സിബിഐ അഭിഭാഷകന്‍ എത്താന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി, പ്രതിക്ക് ജാമ്യം അനുവദിക്കട്ടേയെന്ന് ചോദ്യം

കൊല്‍ക്കത്തയിലെ ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റോയിയുടെ വിചാരണയിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകനും ഹാജരാകാത്തതിൽ അതൃപ്തി അറിയിച്ച് കോടതി

New Update
sanjay roy

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സഞ്ജയ് റോയിയുടെ വിചാരണയിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനും അഭിഭാഷകനും ഹാജരാകാത്തതിൽ അതൃപ്തി അറിയിച്ച് കോടതി.

Advertisment

സിബിഐ അഭിഭാഷകൻ 50 മിനിറ്റ് വൈകിയാണ് കോടതിയിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ അസാന്നിധ്യത്തിലും പ്രോസിക്യൂട്ടറുടെ കാലതാമസത്തിലും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പമേല ഗുപ്ത അമർഷം പ്രകടിപ്പിക്കുകയായിരുന്നു.

"സഞ്ജയ് റോയിക്ക് ഞാൻ ജാമ്യം നൽകട്ടെ ?" എന്നായിരുന്നു അതൃപ്തി വ്യക്തമാക്കി കോടതി ചോദിച്ചത്. സിബിഐയുടെ അലസമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നും, നിര്‍ഭാഗ്യകരമായിപ്പോയെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

അഭിഭാഷകന്‍ ഹാജരാകുന്നില്ലെങ്കില്‍ സഞ്ജയ് റോയ്ക്ക് ജാമ്യം അനുവദിക്കേണ്ടി വരുമെന്ന് പമേല ഗുപ്ത പറഞ്ഞു. അഭിഭാഷകന്‍ ദീപക് പോറിയ എത്തുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന്  മജിസ്‌ട്രേറ്റ് അദ്ദേഹത്തെ വിളിക്കാൻ സിബിഐ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു.

സഞ്ജയ് റോയിയുടെ ജാമ്യാപേക്ഷയെ സിബിഐ അഭിഭാഷകൻ എതിർത്തു. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ തടസപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളണമെന്നും, സിബിഐയില്‍ നിന്ന് കൂടുതല്‍ വേഗത്തിലുള്ള നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒടുവില്‍ സഞ്ജയ് റോയിയുടെ ജാമ്യാപേക്ഷ വാദത്തിനിടെ കോടതി തള്ളി. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകിട്ടാനും കോടതി ഉത്തരവിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ സഞ്ജയ് റോയ് സെപ്റ്റംബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

സഞ്ജയ് റോയിക്ക് ജാമ്യം ലഭിക്കാൻ സിബിഐ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സാകേത് ഗോഖലെ ആരോപിച്ചു. ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി സെപ്തംബർ 9 തിങ്കളാഴ്ച വാദം കേൾക്കും.

 

 

Advertisment