Advertisment

കന്യാകുമാരിയിൽ പൊന്നോ വസന്തമോ ? കേരളത്തിന്റെ അയൽപക്കത്ത് അതിശക്തമായ ത്രികോണ പോരാട്ടം; ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന് പൊൻ രാധാകൃഷ്ണൻ; 5000 കോടി വിറ്റുവരവുള്ള സാമ്രാജ്യത്തിന്റെ ഉടമയായി കോൺഗ്രസ് സ്ഥാനാർത്ഥി വിജയ്; തമിഴ്നാട്ടിൽ ബി.ജെ.പിയുടെ ഒന്നാം നമ്പർ എ-ക്ലാസ് മണ്ഡലത്തിൽ വിജയം ആർക്ക് ?

പത്താം തവണയാണ് പൊന്നാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇത്തവണ മോദി നേരിട്ടുവന്ന് പൊൻ രാധാകൃഷ്ണനായി വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇനിയും പ്രചാരണത്തിനായി മോദി എത്തുമെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Pon Radhakrishnan Vijay Vasanth

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് വിളിപ്പാടകലെയാണ് കന്യാകുമാരി പാർലമെന്റ് മണ്ഡലം. തിരുവനന്തപുരം മണ്ഡലവുമായി അതിരിട്ട് കിടക്കുന്ന കന്യാകുമാരിയിൽ ഇത്തവണ പൊരിഞ്ഞ ത്രികോണ പോരാട്ടമാണ്. സംഗതി ത്രികോണം എന്നൊക്കെയാണ് തമിഴ്നാട്ടിൽ പ്രചരിക്കുന്നതെങ്കിലും മത്സരം പ്രധാനമായും രണ്ട് പേർ തമ്മിലാണ്. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ പൊൻ രാധാകൃഷ്‍ണനും കോൺഗ്രസിന്റെ യുവ എം.പിയും 5000 കോടി വിറ്റുവരവുള്ല സാമ്രാജ്യത്തിന് ഉടമയുമായ വിജയ് വസന്തും തമ്മിൽ.

Advertisment

വിജയിന്റെ പിതാവും കന്യാകുമാരി എം.പിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വിജയ് ആദ്യമായി എം.പിയായത്. അച്ഛനോടും മകനോടും തോറ്റു എന്ന ചീത്തപ്പേരുണ്ടെങ്കിലും ഇത്തവണ ജയിച്ചു കയറാനാണ് പൊൻ രാധാകൃഷ്ണൻ കളത്തിലിറങ്ങിയിട്ടുള്ളത്.

കന്യാകുമാരി ലോക്‌സഭാ സീറ്റിൽ പല പേരുകളും പറഞ്ഞു കേട്ടെങ്കിലും പൊൻ രാധാകൃഷ്ണനെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പിക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.  പൊന്നാർ എന്ന് വിളിപ്പേരുള്ള പൊൻ രാധാകൃഷ്ണനും ( 72 ) നിലവിലെ എം.പിയും ചലച്ചിത്ര നടനുമായ വിജയ് വസന്തും (40) ഏറ്റുമുട്ടുമ്പോൾ മണ്ഡലത്തിൽ തീപാറുമെന്ന് ഉറപ്പാണ്. കേരളത്തിലെപ്പോലെ എൻ.ഡി.എ മുന്നണിയിലാണ് പൊൻ രാധാകൃഷ്ണൻ മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയിലാണ് വിജയിന്റെ മത്സരം.

 മുൻ എം.പിയും പരേതനായ വ്യവസായിയുമായ വസന്തകുമാറിന്റെ മകനായ വിജയ് തമിഴ്നാട് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. പിതാവിന്റെ മരണശേഷമാണ് വിജയ് തിരഞ്ഞെടുപ്പ് രാഷട്രീയത്തിലിറങ്ങിയത്.


കന്യാകുമാരി മണ്ഡലത്തിൽ 2021ലെ ഉപതിരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണനെ 1.34 ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് വിജയ് വസന്ത് ലോക്‌സഭയിലെത്തിയത്. തന്റെ കന്നി മത്സരത്തിൽ തന്നെ പരിചയസമ്പന്നനായ പൊൻ രാധാകൃഷ്ണനെ തോൽപ്പിക്കുകയായിരുന്നു വിജയ്.


2019ൽ പൊൻ രാധാകൃഷ്ണനെ  വസന്തകുമാർ തോൽപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെയാണ് 2021ൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പിതാവിനോടും പുത്രനോടും തോൽവി ഏറ്റുവാങ്ങിയ റെക്കാഡുണ്ട് പൊൻ രാധാകൃഷ്ണന്. വിജയിലൂടെ എം.പി സ്ഥാനം നിലനിറുത്താനാണ് കോൺഗ്രസ് ശ്രമം. പൊന്നാർ വിജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും എന്നാണ് ബി.ജെ.പിയുടെ പ്രചാരണം. മത്സ്യത്തൊഴിലാളി നേതാവ് പസിലിയാൻ നസറേത്ത് (എ.ഡി.എംകെ), മരിയ ജനിഫർ (നാം തമിഴർ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.  

20ലേറെ സിനിമകളിൽ അഭിനയിച്ച് വിജയ് വസന്ത് പിതാവായ വസന്തകുമാറിന്റെ മരണത്തിന് ശേഷം 2021 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കന്നി മത്സരത്തിൽ പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ച് കന്യാകുമാരി എംപിയായി. പിതാവ് വസന്തകുമാർ 1978ൽ സ്ഥാപിച്ച വസന്ത് ആൻഡ് കമ്പനി എം. ഡിയാണ് വിജയ്. തമിഴ്നാട്ടിലെ പ്രശസ്ത ഇലക്ട്രോണിക്സ്, ഗൃഹോപകരണ വ്യാപാര ശൃംഖലയാണിത്. 96 ഷോറൂമുകൾ. 5000 കോടി വാർഷിക വിറ്റുവരവ്.

72 കാരനായ പൊൻ രാധാകൃഷ്ണൻ അവിവാഹിതനാണ്. 1993 ൽ കന്യാകുമാരി ജില്ലാ ബി.ജെ.പി പ്രസിഡന്റ് ആയിരുന്നു. രണ്ടുതവണ സംസ്ഥാന അദ്ധ്യക്ഷനായി. പത്താം തവണയാണ് പൊന്നാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ആദ്യമത്സരം 1991ൽ. അന്ന് നാഗർകോവിൽ ലോക്സഭാ മണ്ഡലമായിരുന്നു. അവിടെ അഞ്ചുതവണ മത്സരിച്ചതിൽ 1999ൽ മാത്രം ജയിച്ചു. 2009ൽ കന്യാകുമാരി മണ്ഡലമായതുമുതൽ നാലുതവണ മത്സരിച്ചു. 2014ൽ മാത്രമാണ് ജയിച്ചത്. വാജ്പേയി, മോദി മന്ത്രിസഭകളിൽ അംഗമായിട്ടുണ്ട്. എന്തായാലും ഇത്തവണ മോദി നേരിട്ടുവന്ന് പൊൻ രാധാകൃഷ്ണനായി വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇനിയും പ്രചാരണത്തിനായി മോദി എത്തുമെന്നാണ് സൂചന.

Advertisment