ന്യൂഡൽഹി: ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ജൂൺ 30-ന് ജനറൽ മനോജ് സി പാണ്ഡെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. ജൂൺ 30 ന് ഉച്ചതിരിഞ്ഞ് അദ്ദേഹം ചുമതലയേൽക്കും. ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നിലവിൽ ആർമി സ്റ്റാഫ് വൈസ് ചീഫ് ആണ്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍ എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.
1964 ൽ ജനനം. 1984 ഡിസംബർ 15 ന് ജമ്മു & കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്തു. കമാൻഡ് ഓഫ് റെജിമെൻ്റ് (18 ജമ്മു & കശ്മീർ റൈഫിൾസ്), ബ്രിഗേഡ് (26 സെക്ടർ അസം റൈഫിൾസ്), ഡിഐജി, അസം റൈഫിൾസ് (ഈസ്റ്റ്), 9 കോർപ്സ് എന്നിവ അദ്ദേഹത്തിൻ്റെ കമാൻഡ് നിയമനങ്ങളിൽ ഉൾപ്പെടുന്നു
ലെഫ്റ്റനൻ്റ് ജനറൽ എന്ന നിലയിൽ, ആർമി സ്റ്റാഫ് വൈസ് ചീഫ് ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, 2022 മുതൽ 2024 വരെ ഡയറക്ടർ ജനറൽ ഇൻഫൻട്രി, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ഓഫ് നോർത്തേൺ കമാൻഡ് തുടങ്ങിയ സുപ്രധാന പദവികൾ ദ്വിവേദി വഹിച്ചിട്ടുണ്ട്.
സൈനിക് സ്കൂൾ റേവ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഡിഎസ്എസ്സി വെല്ലിംഗ്ടണിലും മോവിലെ ആർമി വാർ കോളേജിലും കോഴ്‌സുകൾ പൂര്‍ത്തിയാക്കിയിരുന്നു. കാർലിസിലെ യുഎസ് ആർമി വാർ കോളേജിലെ എൻഡിസി തത്തുല്യ കോഴ്‌സിൽ അദ്ദേഹത്തിന് 'ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ' ലഭിച്ചു.
ഡിഫൻസ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ എം ഫിലും സ്ട്രാറ്റജിക് സ്റ്റഡീസിലും മിലിട്ടറി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും ഉണ്ട്.