/sathyam/media/media_files/2025/04/05/LTGBd3n7mK0F9kJ7HEH5.jpg)
മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അംഗമാകുന്നതിന് മന്ത്രി പി.എ മുഹമ്മദ് റിയാസിന് സാധ്യത മങ്ങി. ഭരണത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന മുഹമ്മദ് റിയാസിന് സംഘടനാ രംഗത്ത് കാര്യമായ സംഭാവനകൾ ഇല്ലാത്തതാണ് കേന്ദ്ര കമ്മിറ്റി പ്രവേശനത്തിന് മുന്നിൽ പ്രതിബന്ധമാകുന്നത്.
ഈ പരിമതി അവഗണിച്ചു റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ അത് കേരളത്തിലെ നേതൃത്വത്തിൽ വൻഭിന്നതയ്ക്ക് വഴിവെക്കുമെന്നതാണ് വിലയിരുത്തല്‍. അത് കേരളത്തിലെ ചില നേതാക്കൾ കേന്ദ്ര നേതാക്കളെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം കേരള പാർട്ടിയിൽ ചേരിതിരിവ് രൂപപ്പെട്ടിട്ടുണ്ട്. സീനിയോറിറ്റിയും പ്രവർത്തനവും അവഗണിച്ച് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ മുഖ്യമന്ത്രിയുടെ മരുമകന് അനർഹമായ പരിഗണന നൽകിയെന്ന വ്യാഖ്യാനങള്‍ക്ക് ഇടവരുമെന്ന് ചൂണ്ടിക്കാട്ടി റിയാസിന് തടയിടാനും ശ്രമം നടക്കുന്നുണ്ട്.
ഇതെല്ലാം പരിഗണിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദ്ദം ഉണ്ടായാൽ പോലും റിയാസിന് കേന്ദ്ര കമ്മിറ്റി അംഗത്വം ഉറപ്പിക്കാൻ സാധ്യത കുറവാണ്. അതേസമയം കേരളത്തിൽ നിന്ന് ദിനേശൻ പുത്തലത്തും ടി.പി. രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്താൻ സാധ്യതയുണ്ട്.
ദളിത് പ്രാതിനിധ്യത്തിൽ പി.കെ. ബിജുവും വനിതാ പ്രാതിനിധ്യത്തിൽ പി.കെ. സൈനബയോ ഡോ. ടി.എൻ.സീമയോ കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും. 1998 ൽ സംസ്ഥാന കമ്മിറ്റി അംഗമായ ജെ. മേഴ്സിക്കുട്ടിയമ്മയാണ് കേരളത്തിൽ നിന്നുള്ള വനിതാ നേതാക്കളിൽ ഏറ്റവും സീനിയർ.
എന്നാല്‍ നേതൃത്വത്തിന് പഥ്യമല്ലാത്തത് കൊണ്ട് മേഴ്സികുട്ടിയമ്മ ഇത്തവണയും തഴയപ്പെടാനാണ് സാധ്യത. സംസ്ഥാന സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് ദിനേശൻ പുത്തലത്തിൻ്റെ അനുകൂല ഘടകം.
എല്‍ ഡി എഫ് കൺവീനർ പദവി ടി.പി രാമകൃഷ്ണൻ്റെ സാധ്യതയും വർധിപ്പിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 3 ഒഴിവുകളാണുള്ളത്. പ്രായപരിധി നിബന്ധനയിൽ എ.കെ. ബാലനും പി.കെ. ശ്രീമതിയും ഒഴിയും. ഇത് കൂടാതെ കോടിയേരി ബാലകൃഷ്ണൻ മരിച്ച ഒഴിവുമുണ്ട്. അംഗത്വം കൂടിയത് പരിഗണിച്ച് കേന്ദ്ര കമ്മിറ്റിയിൽ ഒരാളെ അധികമായി ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിക്ക് പിന്തുണയേറുകയാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണയായി. ദേശിയ തലത്തിൽ അറിയപ്പെടുന്ന ഒരാൾ ജനറൽ സെക്രട്ടറിയായി വരണം എന്നാണ് ബംഗാളിലെ നേതൃത്വം ആവശ്യപ്പെടുന്നത്.
ഇത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഇതര നേതാക്കൾക്കും സഹായകരമായ നിലപാടാണ്. എങ്കിലും ദേശിയ നേതൃത്വത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള എം.എ.ബേബിയുടെ പേരിന് തന്നെയാണ് ഇപ്പോഴും മുൻ തൂക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരള നേതൃത്വത്തിലെ ഒരു വിഭാഗം ബേബിക്ക് വേണ്ടി ശക്തമായി രംഗത്തുണ്ട്. മന്ത്രി പി.രാജീവാണ് ബേബിക്ക് വേണ്ടി കാമ്പയിൻ ചെയ്യുന്നത്.
അശോക് ധാവ്ള, ബി.വി. രാഘവലു, മുഹമ്മദ് സലിം എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനേത്തേക്ക് പരിഗണിക്കുന്ന മറ്റ് പേരുകൾ. കേരള പാർട്ടിയെന്ന ആക്ഷേപം മറികടക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള പിബി അംഗം അശോക് ധാവ്ളെയെ ജനറൽ സെക്രട്ടറി ആക്കണമെന്ന വാദവും ശക്തമാണ്.
ഇന്ന് വെെകുന്നേരത്തോടെ പുതിയ കേന്ദ്ര കമ്മിറ്റിയേയും പെളിറ്റ് ബ്യൂറോയേയും ജനറൽ സെക്രട്ടറിയേയും സംബന്ധിച്ച ചർച്ചകൾ തുടങ്ങും. നാളെ രാവിലെ 10 മണിയോടെ ഇക്കാര്യങ്ങളാൽ ധാരണയാകും.
മറിയം ധാവ്ളെ, വിജു കൃഷ്ണൻ, യു.വാസുകി, പി.ഷണ്മുഖം, അരുൺ കുമാർ, എ.ആർ.സിന്ധു, ഇ.പി ജയരാജൻ, കെ.കെ.ശൈലജ, ശ്രീദിപ് ഭട്ടാചര്യ, ജിതേന്ദ്ര ചൗധരി എന്നിവരെയാണ് പിബിയിലേക്ക് പരിഗണിക്കുന്നത്.