'ബോംബെ'യിൽ നിന്ന് മധുരയിലേക്കും ചണ്ഡീഗഢിലേക്കുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സഞ്ചാര പഥങ്ങൾ ; തർക്കങ്ങളിൽ പിറവി മുതൽ കോൺഗ്രസ് ബന്ധം വരെ, പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രമിങ്ങനെ

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഭരണകൂടത്തോടുള്ള പാർട്ടിയുടെ സമീപനത്തെ പറ്റിയും ഫാസിസത്തെയും കുറിച്ച് വലിയ ചർച്ചകളാണ് രൂപപ്പെട്ടത്.

New Update
CPI(M) 24TH PARTY CONGRESS

മധുര: ഇന്ത്യൻ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പാർട്ടി കോൺഗ്രസ്സുകളിൽ നിന്നുയരുന്ന ചർച്ചകളും നിലപാടുകളും.

Advertisment

പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമുൾപ്പടെ ചർച്ച ചെയ്യപ്പെടുകയും പാർട്ടിയുടെ പേരിൽ അവർ സ്വീകരിക്കുന്ന നിലപാടുകൾ  വാദ പ്രതിവാദങ്ങൾക്ക് വിധേയമാവുകയും ചെയ്യും. 


സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഭരണകൂടത്തോടുള്ള പാർട്ടിയുടെ സമീപനത്തെ പറ്റിയും ഫാസിസത്തെയും കുറിച്ച് വലിയ ചർച്ചകളാണ് രൂപപ്പെട്ടത്.


സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി 'കോർഡിനേറ്റർ' എന്ന പദവിയിൽ ചുമതലപ്പെടുത്തിയ പ്രകാശ് കാരാട്ടിന്റെ നിലപാടുകൾ എന്ന നിലയിൽ  മാധ്യമങ്ങളിൽ  ഫാസിസത്തെ കുറിച്ച് നിരവധി തവണ ചർച്ച ചെയ്യപ്പെട്ടു. 

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് പ്രകാശ് കാരാട്ടിനെ കോർഡിനേറ്റർ എന്ന ചുമതല പാർട്ടി ഏൽപ്പിച്ചത്.


സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ സിപിഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഢിൽ  വച്ച് നടക്കും. 


രണ്ടു പാർട്ടികളുടെയും പാർട്ടി കോൺഗ്രസ്സുകൾ നടക്കുമ്പോൾ  പാർട്ടിയുടെ പിറവി മുതൽ കോൺഗ്രസ് പാർട്ടിയോടുള്ള  സമീപനം വരെ എല്ലാക്കാലത്തും സജീവമായ ചർച്ചകൾക്ക് വിധേയമാവാറുണ്ട്. 

1964 ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 പേർ ചേർന്നാണ് സിപിഐ [എം] രൂപീകരിച്ചത്. അന്ന് ഇറങ്ങി വന്നവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക നേതാവ് വി എസ് അച്യുതാനന്ദൻ മാത്രമാണ്. 


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ദൗർഭാഗ്യകരമായ സംഭവം എന്ന നിലയിലാണ് 64 ലെ പിളർപ്പിനെ സിപിഐ ഇപ്പോഴും പരാമർശിക്കുന്നത്.


64 ൽ  ഭിന്നിക്കുന്നത് വരെ നിർണായകമായ രാഷ്ട്രീയ ശക്തിയായിരുന്നു ഇന്ത്യയിൽ  സിപിഐ.നേതൃ തലങ്ങളിലെ ഭിന്നാഭിപ്രായങ്ങൾ  വിപ്ലവത്തെ സംബന്ധിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചൈനയോടും സോവിയറ്റ് യൂണിയനോടുമുള്ള നിലപാടുകളും ഇന്ത്യയിലെ നെഹ്‌റു ഗവണ്മെന്റിനോടുള്ള സമീപനവും ഉൾച്ചേർന്നതായിരുന്നു. 

ഒറ്റപാർട്ടി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും കോൺഗ്രസിനോടുള്ള സമീപനം തന്നെ ഇരു പാർട്ടികളുടെയും പ്രധാന ചർച്ചകളിലൊന്ന് എന്നതാണ് ചരിത്രപരമായ സവിശേഷത. 


1920 ൽ താഷ്കന്റിൽ വെച്ചാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് എന്ന് സിപിഎം പറയുമ്പോൾ അതല്ല 1925 ഡിസംബറിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വെച്ചാണ് പാർട്ടി രൂപീകരിച്ചതെന്ന് സിപിഐ വ്യക്തമാക്കുന്നു. 


1964 ൽ പാർട്ടി ഭിന്നിക്കുന്നത് വരെയും 1925 ലാണ് പാർട്ടി രൂപീകരിച്ചതെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായിരുന്നില്ലെന്നും സിപിഐ[എം] രൂപീകരിച്ചപ്പോഴാണ് അവർ പുതിയ 'രൂപീകരണ  ചരിത്രം ' രൂപപ്പെടുത്തിയതെന്നും സിപിഐ പറയുന്നു. 

മദ്രാസ്  [ചെന്നൈ]  ബോംബെ  [മുംബൈ] കൽക്കത്ത [കൊൽക്കട്ട ]  തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്ന വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു ഏകീകൃത സമ്മേളനം 1925 ഡിസംബർ 25 മുതൽ 28 കാൺപൂരിൽ വിളിച്ചു ചേർക്കുകയുണ്ടായി. 


26 ന് -ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും മോചനത്തിന് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന് തീരുമാനമെടുത്തുകൊണ്ട് 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. 


ഇതാണ് സിപിഐയുടെ നിലപാട്. എന്നാൽ 1920 ൽ താഷ്‌ക്കന്റിൽ എം എൻ റോയിയുടെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നത് നിഷേധിക്കുന്നുമില്ല. ഇതാണ് സിപിഎം ഉയർത്തിക്കാട്ടുന്ന രൂപീകരണ ചരിത്രം. 

1928 ജൂലൈ മാസം   റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ നടന്ന കോമിന്റേൺ ആറാമത് കോൺഗ്രസ്സിൽ 1925 ഏപ്രിലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കൊറിയയും അതേവർഷം ഡിസംബറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും രൂപീകരിച്ചതായി റിപ്പോർട്ട് ചെയ്തു എന്ന് സിപിഐ സമർത്ഥിക്കുന്നുണ്ട് .


ഇത് മാത്രമല്ല 1959 ആഗസ്റ്റ് 19 ന് ബി ടി രണദിവെയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കയച്ച ഒരു കത്തിൽ 1925 ലാണ് പാർട്ടി രൂപീകരിച്ചതെന്ന് വ്യക്തമാക്കുന്നതായും സിപിഐ പറയുന്നു. 


എന്നാൽ ഇതൊക്കെയുള്ളപ്പോഴും 1920 ൽ തന്നെ പാർട്ടി രൂപീകരിച്ചു എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം. 

1943 ൽ ഒന്നാമത്തെ പാർട്ടി കോൺഗ്രസ്സ് ബോംബെയിലും രണ്ടാമത്തേത് 1948 ൽ കൽക്കത്തയിലും മൂന്നാം കോൺഗ്രസ് 1953 ൽ മധുരയിലും നാലാം കോൺഗ്രസ് 1956 ൽ പാലക്കാടും അഞ്ചാം കോൺഗ്രസ് 1958 ൽ അമൃത്സറിലും ആറാം കോൺഗ്രസ് 1961 ൽ വിജയവാഡയിലുമാണ് ചേർന്നത് എന്ന ചരിത്രം ഇരു പാർട്ടികൾക്കും ഒരു പോലെയാണ്. 


എന്നാൽ സിപിഎം ഏഴാം പാർട്ടി കോൺഗ്രസ് 1964 ൽ കൽക്കട്ടയിലും സിപിഐ ഏഴാം കോൺഗ്രസ് അതേവർഷം ബോംബെയിലുമാണ് ചേർന്നത്. ഈ വ്യത്യാസത്തിന് കാരണം 1964 ലെ പാർട്ടി ഭിന്നിപ്പാണ് . 


1962 ലാണ് അസം മേഖലയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടാകുന്നത്. നെഹ്‌റുവിനെ സാമ്രാജ്യത്വ ചാരൻ എന്നും സിപിഐ നേതൃ നിരയെ റിവിഷനിസ്റ്റുകൾ എന്നും വിശേഷിപ്പിക്കപ്പെട്ട കാലം.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാൻ ചൈന ശ്രമിച്ചു എന്ന് സിപിഐ സ്ഥാപിക്കുന്നത് ഈ സംഭവങ്ങളെ തുടർന്നാണ്. 

1961 ലെ വിജയവാഡ പാർട്ടി കോൺഗ്രസ്സോടു കൂടി 'കോൺഗ്രസ്സുമായി ഐക്യ മുന്നണി' എന്ന വാദം ഉയർന്നു വന്നതായും അത് ശക്തമായ വാദ പ്രതിവാദങ്ങൾക്ക് വഴിവെച്ചതായും 'വലതുപക്ഷം' ആ നിലപാടുമായി മുന്നോട്ട് പോയപ്പോൾ 1964 ലെ നാഷണൽ കൗൺസിലിൽ  നിന്ന് ഇറങ്ങിപ്പോയ 32 പേർ തെനാലിയിൽ യോഗം ചേർന്നാണ് സിപിഐ[എം] രൂപീകരിച്ചതെന്നും ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഘട്ടത്തിലും സിപിഐ[എം] ആവർത്തിക്കുന്നു.  


നെഹ്‌റു ഗവണ്മെന്റിനോടുള്ള സമീപനം 'ഐക്യവും സമരവും' എന്നതാണെന്ന് വിജയവാഡ പാർട്ടി കോൺഗ്രസ്സിൽ അജയഘോഷ് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. 


ഇതിന്റെ അടിസ്ഥാനത്തിൽ  'ദേശീയ ജനാധിപത്യ മുന്നണി' എന്നതാണ് അടിയന്തിര കടമ എന്ന  വാദം രൂക്ഷമായ തർക്കത്തിന് വഴിവെച്ചു. 'ജനകീയ ജനാധിപത്യ മുന്നണി' എന്നതായിരുന്നു മറുവാദം . 

പാർട്ടിക്കകത്ത് ഇങ്ങനെ വിവാദങ്ങൾ രൂക്ഷമായിരുന്നെങ്കിലും 1962 ലെ പൊതു തെരഞ്ഞെടുപ്പിൽ 32 സീറ്റുകളും 10 .08 ശതമാനം വോട്ട് വിഹിതവും സിപിഐ നേടിയിരുന്നു. ഇങ്ങനെ രാജ്യത്തെ നിർണായക ശക്തിയായി പാർട്ടി ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഭിന്നിച്ച് രണ്ടു പാർട്ടികളായി നിലകൊള്ളുന്നത്. 


തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ രണ്ടു പാർട്ടികളും വലിയ നിലയിൽ തിരിച്ചടി നേരിട്ട കാലമാണിത്.കേരളത്തിൽ മാത്രമാണ് ഇടതുപക്ഷ മുന്നണി ഭരണം നിലവിലുള്ളത്. 'ഇന്ത്യ' മുന്നണി വഴി രണ്ടു പാർട്ടികളും കോൺഗ്രസ്സിനോടൊപ്പം ഒത്തുചേർന്ന കാലഘട്ടം കൂടിയാണ്. 


എന്നാൽ കോൺഗ്രസ് നിലപാടുകളെ രണ്ടു പാർട്ടികളും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ്സിനോടൊപ്പം ഭരണം പങ്കിട്ട ചരിത്രം കേരളത്തിൽ സിപിഐക്കുണ്ട്. 

പക്ഷെ അത്തരമൊരു നിലപാടിലേക്ക് ഇനി  അവർ തിരിച്ചു പോകാനിടയില്ല. 64 ലെ ഭിന്നിപ്പിന് ശേഷം കരുത്തു കാട്ടിയ  സിപിഎമ്മിന്റെ  സംഘടനാ ബലം നിലവിൽ ചോർന്ന് ബിജെപിക്ക് വളമാകുന്നു എന്ന വിലയിരുത്തലുകൾ ആ പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്നു എന്നതാണ് മധുര പാർട്ടി കോൺഗ്രസ്സിന്റെ പ്രത്യേകത.

Advertisment