/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍, വോട്ടെടുപ്പിന് മുമ്പേ 70 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു.
രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം, ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളാണ്.
എതിരില്ലാതെ വിജയിച്ചവരില്‍ 44 പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലെ 22 പേരും അജിത് പവാറിന്റെ എന്‍സിപി പാര്‍ട്ടിയിലെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇസ്ലാമിക് പാര്‍ട്ടിയിലേയും, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മഹായുതി സഖ്യത്തിന് പുറത്തു നിന്നും വിജയിച്ചത്.
അതേസമയം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു സ്ഥാനാര്‍ത്ഥി പോലും എതിരില്ലാതെ വിജയിച്ചിട്ടില്ല.
ജനുവരി 15 നാണ്, മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
വോട്ടെണ്ണല്‍ ജനുവരി 16 ന് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയുടെ 44 എതിരില്ലാത്ത വിജയങ്ങളില്‍ ഏറ്റവും കൂടുതല്‍, (15 പേര്‍ ) കല്യാണ്‍-ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നാണ്.
പന്‍വേല്‍, ജല്‍ഗാവ്, ഭിവണ്ടി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും, ധുലെയില്‍ നിന്ന് നാല് പേരും, അഹല്യ നഗറില്‍ നിന്ന് മൂന്ന് പേരും, പൂനെ, പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്ന് രണ്ട് പേര്‍ വീതവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിയമവിരുദ്ധ വഴിയിലൂടെയാണ് ബിജെപിയും സഖ്യകക്ഷികളും എതിരില്ലാത്ത വിജയം നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ ഭരണകക്ഷിയും അവരുടെ ശക്തരായ നേതാക്കളും എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ എതിരാളികള്‍ക്ക് ഒരു കോടി മുതല്‍ 5 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതായും പ്രതിപക്ഷത്തെ ഒരു നേതാവ് ആരോപിച്ചു.
പണം സ്വീകരിക്കാതെ മത്സരത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കെതിരെ ഭീഷണികളും കേസുകളും ഉപയോഗിക്കുന്നു. ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പണവും ഭീഷണിയും ഉപയോഗിച്ചാണ് എതിരാളികളെ മത്സരരംഗത്തു നിന്നും ഒഴിവാക്കുന്നതെന്ന് ശിവസേന ( ഉദ്ധവ് താക്കറെ വിഭാഗം) നവനിര്‍മ്മാണ്‍ സേന എന്നീ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്രയധികം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us