/sathyam/media/media_files/2025/11/15/narendra-modi-nithish-kumar-2-2025-11-15-19-35-24.jpg)
പട്ന: ബിഹാറില്‍ കണ്ട വിജയം കേവലം സോഷ്യല്‍ എന്‍ജിനീയറിങ് മാത്രമല്ല, മനഃശാസ്ത്രപരമായ ഒരു ഫിയര്‍മോംഗറിങ് തന്ത്രം കൂടിയാണ് ബി.ജെ.പി പയറ്റിയത്.
മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന പ്രകാരം സാമ്പത്തികപരമായ സര്‍ക്കാര്‍ ഗ്രാന്റ് പ്രഖ്യാപിച്ചതു ബി.ജെ.പിയെ വലിയ തോതില്‍ സ്വാധീനിക്കപ്പെട്ടു എന്നാണ് വിലയിരുത്തലുകള്‍.
തെരഞ്ഞെടുപ്പ് സമയത്തിനോട് ചേര്‍ന്ന്, ബി.ജെ.പി-ജെ.ഡി.യു സഖ്യ സര്‍ക്കാര്‍ 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന' പ്രകാരം സംസ്ഥാനത്തെ 1.21 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നേരിട്ടു നിക്ഷേപിച്ചു.
പ്രതിമാസ ശരാശരി വരുമാനം കേവലം 5,570 രൂപ മാത്രമുള്ള ബീഹാര്‍ പോലുള്ള ഒരു സംസ്ഥാനത്ത്, 10,000 രൂപ എന്നത് ഏകദേശം രണ്ടുമാസത്തെ വരുമാനമാണ്. ഈ തുക തമിഴ്‌നാട്ടിലെ വരുമാനമായി താരതമ്യം ചെയ്താല്‍ ഏകദേശം 36,000 രൂപയ്ക്കു തുല്യമാണ്.
ഈ പണം നല്‍കിയതിനേക്കാള്‍ വലിയ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയതു ഗ്രാമീണ മേഖലകളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നു പടര്‍ത്തിയ 'ഗോസിപ്പ്' ആയിരുന്നു.
'ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ച ഈ 10,000 രൂപ പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടി വരും' എന്നായിരുന്നു പ്രചാരണം. ഇതൊരു വായ്പയല്ല, മറിച്ച് ഗ്രാന്റാണ് എന്ന വസ്തുത ഈ ഭയത്തിന്റെ പ്രചാരണത്തില്‍ മുങ്ങിപ്പോയി.
തേജസ്വി യാദവ് 30,000 രൂപ വാഗ്ദാനം ചെയ്തിട്ടും, സ്ത്രീ വോട്ടര്‍മാര്‍ക്ക് ഇതിനകം ലഭിച്ച 10,000 രൂപയില്‍ വിശ്വാസം തോന്നിയത് ഈ ഭയം മൂലമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ക്ഷേമപദ്ധതികള്‍, ക്യാഷ് ട്രാന്‍സ്ഫറുകള്‍ എന്നിവ സ്റ്റേറ്റിന്റെ ഉദാരതയായി വാഴ്ത്തപ്പെടുകയും, അതു തെരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുകയും ചെയ്യുന്ന പേട്രനേജ് രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണിതെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇതിനെ വോട്ടു പിടിക്കാനുള്ള സംവിധാനമായി ഉപയോഗിക്കുന്നതു ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനു തുല്യമാണെന്നും ആദ്യം ജനങ്ങളുടെ നട്ടെല്ലൊടിക്കുക, പിന്നെ അവരെ നക്കാപ്പിച്ച കൊടുത്ത് അടിമകളാക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us