Advertisment

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പിലും ബോംബ് സ്‌ഫോടനത്തിലും രണ്ട് മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്; സംസ്ഥാനം അതീവ ജാഗ്രതയില്‍

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കുട്രുക്, കടങ്ബന്ദ് മേഖലകളിൽ നടന്ന വെടിവയ്പ്പിലും ബോംബ് സ്‌ഫോടനത്തിലും സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

New Update
Manipur Police

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കുട്രുക്, കടങ്ബന്ദ് മേഖലകളിൽ നടന്ന വെടിവയ്പ്പിലും ബോംബ് സ്‌ഫോടനത്തിലും സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ക്ക് വെടിവയ്പിലും, മറ്റുള്ളവര്‍ക്ക് ബോംബ് സ്‌ഫോടനത്തിലുമാണ് പരിക്കേറ്റത്.

Advertisment

ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ല. സായുധരായ കുക്കി വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അക്രമികള്‍ കുന്നിന്‍ മുകളില്‍ നിന്ന് താഴ്‌വര പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു.

31 കാരിയായ നങ്‌ബാം സുർബാല ദേവിയാണ് മരിച്ചവരില്‍ ഒരാള്‍. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) കൊണ്ടുപോയി. മരിച്ച രണ്ടാമത്തെ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്ര-സംസ്ഥാന യൂണിറ്റുകൾ ഉൾപ്പെടുന്ന സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ സംസ്ഥാന സർക്കാർ ശക്തമായി അപലപിച്ചു.

സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും ഇംഫാൽ വെസ്റ്റിലെ കുട്രുക്ക് വില്ലേജിലെ ആക്രമണത്തിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കുന്നതിനും ഇതിനകം അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കി. പരമാവധി ജാഗ്രത പാലിക്കാൻ എല്ലാ എസ്പിമാർക്കും ഡിജിപി നിർദ്ദേശം നൽകി.

Advertisment