/sathyam/media/media_files/2024/12/27/manmohan-singh-1200-1618897321-1735226826.webp)
തിരുവനന്തപുരം : പൂർണ്ണ രാഷ്ട്രീയക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗ്. എന്നാൽ തന്റെ നിലപാടുകളിലെ ദീർഘവീക്ഷണം കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി.
വ്യവസയായിക രംഗത്ത് അദ്ദേഹം കൊണ്ടുവന്ന ഉദാരവൽക്കരണനയങ്ങളെ ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. എന്നാൽ പല ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് അമേരിക്കയുമായി ആണവ സമ്പുഷ്ടീകരണത്തിനുള്ള കരാർ ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് വഴിവെച്ചത്.
എന്നാൽ വിവാദങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തത വരുത്തി പിന്തുണ നേടുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു.
ആണവക്കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ മൻമോഹൻ സിംഗ് ഉറച്ച് നിന്നതോടെ 2008 ജൂലായ് എട്ടിനാണ് ഡൽഹിയിലെ എ.കെ.ജി ഭവനിൽ ഇടതുപാർട്ടികൾ യോഗം ചേർന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.
62 എം.പിമാരുള്ള ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചതോടെ യു.പി.എ സർക്കാർ പ്രതിസന്ധിയിലായി.
പിന്നീട് നടന്ന കരുനീക്കങ്ങൾക്കും സംഭവബഹുലതകൾക്കുമൊടുവിൽ ജൂലായ് 22-ന് പാർലമെന്റിൽ സമാജ്വാദി പാർട്ടിയുടെ പിന്തുണയിൽ യു.പി.എ സർക്കാർ വിശ്വാസവോട്ട് നേടുകയും ചെയ്തു.
പിന്നീട് 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒന്നാം യു.പി.എ സർക്കാരിന്റെ മികവിൽ മൻമോഹൻ സിംഗ് രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തി.
എപ്പോഴും വാക്കുകളിൽ മൃദുലത പുലർത്തുകയും എന്നൽ നിലപാടിലെ കാർക്കശ്യം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം മൃദുഭാഷിയും, കോൺഗ്രസിന്റെ സൗമയ മുഖങ്ങളിലൊന്നുമായിരുന്നു.
1991ൽ ഇന്ത്യയുടെ വിദേശനാണ്യശേഖരം കുത്തനെ കുറഞ്ഞപ്പോൾ ധനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന്റെ കാലോചിതമായ ഇടപെടലാണ് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റിയത്.
ലോകമാകെയുള്ള നിക്ഷേപകരെ ആകർഷിക്കാൻ ഇന്ത്യയുടെ വിപണി ബജറ്റിലൂടെ തുറന്നു കൊടുത്ത അദ്ദേഹത്തിന്റെ നടപടിക്കെതിരെ ഇടതുപക്ഷം രൂക്ഷവിമർശനമുയർത്തിയെങ്കിലും അദ്ദേഹത്തിന്റെ ഇടപെടൽ ഫലം കണ്ടു.
പൊതുമേഖലയെ സ്വകാര്യവത്ക്കരണത്തിന് വിധേയമാക്കുകയും വിദേശ കമ്പനികൾക്ക് ഏറെ അവസരങ്ങൾ ഉടലെടുക്കുകയും ചെയ്തതോടെ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ കുതിച്ചുയരുകയും ചെയ്തു.