'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്നു കളിയാക്കല്‍. ഒരു ആക്‌സിഡന്റല്‍ ധനമന്ത്രി കൂടിയായിരുന്നുവെന്നു സിങിന്റെ മറുപടി

പ്രണബ് മുഖര്‍ജിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെങ്കിലും സോണിയക്ക് വിശ്വാസം മന്‍മോഹനെയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ഒരിക്കല്‍ മാധ്യമ സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരു എഴുതിയ 'ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തകം മന്‍മോഹന്‍ സിങ്ങിനെ വല്ലാതെ ചെറുതാക്കി കളഞ്ഞിരുന്നു.

Advertisment

യു.പി.എ കാലത്ത് സോണിയയാണു ഭരണം നിയന്ത്രിച്ചിരുന്നതെന്ന തുറന്നുപറച്ചിലായിരുന്നു പുസ്തകം. ഇതു സിനിമയാക്കി തെരഞ്ഞെടുപ്പ് കാലത്തു വിവാദമായി നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയും ചെയ്തിരുന്നു.


താന്‍ ആക്‌സിഡന്റല്‍ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, ഒരു ആക്‌സിഡന്റല്‍ ധനമന്ത്രി കൂടിയായിരുന്നുവെന്നു സിങ് പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആക്‌സിഡന്റല്‍ ആയിരുന്നില്ല എന്നു മന്‍മോഹന്‍ സിങ് എപ്പോഴും ഉറപ്പുവരുത്തിയിരുന്നു.


1991 ജൂണില്‍ അന്നു യു.ജി.സി ചെയര്‍മാനായ ഡോ. മന്‍മോഹന്‍ സിങിന്റെ വസതിയിലേക്കു രാത്രി വൈകി ഒരു അപ്രതീക്ഷിത അതിഥിയെത്തി.

s

രാജീവ് തരംഗത്തില്‍ വീണ്ടും അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ നിയുക്ത പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ സെക്രട്ടറി എ.എന്‍ വര്‍മ. മന്‍മോഹന്‍ സിങ് ധനമന്ത്രിയാകാന്‍ റാവു താല്‍പ്പര്യപ്പെടുന്നുവെന്നു വര്‍മ മന്‍മോഹനെ അറിയിച്ചു.

എന്നാല്‍, അതത്ര കാര്യമാക്കിയില്ല. പക്ഷേ, അടുത്ത ദിവസം രാവിലെ സാക്ഷാല്‍ റാവുവിന്റെ കോളെത്തി. സത്യപ്രതിജ്ഞക്കായി വേഗം രാഷ്ട്രപതിഭവനിലെത്താന്‍ സ്വരം കടുപ്പിച്ച് റാവുവിന്റെ നിര്‍ദേശം.


അങ്ങനെ 1991 ജൂണ്‍ 21ന് 59 ാം വയസില്‍ ആദ്യമായി മന്‍മോഹന്‍ സിങ് രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞു.


രാഷ്ട്രീയത്തിലേക്കുള്ള വരവ് ആകസ്മികമായിരുന്നെങ്കിലും ധനമന്ത്രാലയത്തിലും പ്രധാനമന്ത്രി കാര്യാലയത്തിലും കാര്യമായ പ്രവൃത്തിപരിചയം മന്‍മോഹനുണ്ടായിരുന്നു. 1972ല്‍ ധനമന്ത്രാലയത്തില്‍ മുഖ്യഉപദേഷ്ടാവായി ചുമതലയേറ്റ മന്‍മോഹന്‍ 1976ല്‍ സെക്രട്ടറിയായി.

ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍, ആര്‍ബിഐ ഗവര്‍ണര്‍ എന്നീ ചുമതലകള്‍ വഹിച്ചശേഷം വി.പി സിങിന്റെ കാലത്തു സാമ്പത്തിക വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേശകനായി.


സമ്മിശ്ര പാതയില്‍ സഞ്ചരിച്ചിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വലത്തോട്ടു തിരിച്ചു നവലിബറല്‍ പാതയില്‍ എത്തിച്ചത് മന്‍മോഹനാണ്.


ഐ.എം.എഫ് നിര്‍ദേശപ്രകാരം റാവു ഭരണകാലത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിദേശ കോര്‍പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും മണ്ണൊരുക്കി എന്ന ആരോപണങ്ങള്‍ മന്‍മോഹന്‍ സിങ് നേരിട്ടു.

publive-image

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനു തുടക്കമിടുന്നതും അദ്ദേഹത്തിന്റെ കാലത്തു തന്നെ.

വാജ്‌പേയി സര്‍ക്കാര്‍ 2004ല്‍ തെരഞ്ഞെടുപ്പില്‍ വീണപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. വിദേശപൗരത്വ വിവാദം ആളിക്കത്തിയതോടെ സോണിയ പ്രധാനമന്ത്രി പദമേല്‍ക്കാന്‍ വിസമ്മതിച്ചു.


പകരം പ്രണബ് മുഖര്‍ജിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുണ്ടായിരുന്നെങ്കിലും സോണിയക്ക് വിശ്വാസം മന്‍മോഹനെയായിരുന്നു. അങ്ങനെ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലും ജയിക്കാത്ത, ഏറെ വൈകി ആകസ്മികമായി രാഷ്ട്രീയത്തിലേക്ക് വന്ന മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രി കൂടിയായി.


ഇടതുപക്ഷം തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ഒന്നാം യുപിഎ ഭരണം നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഏറെ ഗുണം ചെയ്തിരുന്നു. മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയായി.

Advertisment