വനിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലെ വീഴ്ച; ആരോപണങ്ങള്‍ക്ക് പിന്നാലെ വിനീത് കുമാർ ഗോയലിനെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കി; മനോജ് കുമാര്‍ വര്‍മയ്ക്ക് പകരം ചുമതല, മമത സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യപ്രകാരം

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിനീത് കുമാർ ഗോയലിനെ നീക്കി

New Update
 മനോജ് കുമാര്‍ വര്‍മ

മനോജ് കുമാര്‍ വര്‍മ

കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിനീത് കുമാർ ഗോയലിനെ നീക്കി. മനോജ് കുമാര്‍ വര്‍മയാണ് പുതിയ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍. പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാർ ചൊവ്വാഴ്ചയാണ് മനോജ് കുമാർ വർമയെ കൊൽക്കത്ത പൊലീസ് കമ്മീഷണറായി നിയമിച്ചത്. 

Advertisment

1998 ബാച്ച് ഐപിഎസ് ഓഫീസറായ മനോജ് കുമാർ വർമ തൻ്റെ ഏറ്റവും പുതിയ നിയമനത്തിന് മുമ്പ് പശ്ചിമ ബംഗാളിലെ ക്രമസമാധാന അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) സേവനമനുഷ്ഠിക്കുകയായിരുന്നു.

സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ അഡീഷണൽ ഡയറക്ടർ ജനറലായി (എഡിജി) വിനീത് കുമാർ ഗോയലിനെ നിയമിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മമത ബാനർജി ഗോയലിനെ നീക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 9 ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 31 കാരിയായ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഗോയലിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഗോയല്‍.

"ഞങ്ങൾ ജൂനിയർ ഡോക്ടർമാരുടെ വാക്കുകൾ കേൾക്കാൻ ശ്രമിച്ചു. ഡിസിയെ (കൊൽക്കത്ത പൊലീസ് കമ്മീഷണർ) മാറ്റാൻ ഞങ്ങൾ തീരുമാനിച്ചു. അദ്ദേഹം സ്വയം രാജിവെക്കാൻ സമ്മതിച്ചു. ആരോഗ്യ വകുപ്പിൽ, 3 പേരെ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. ഞങ്ങൾ 2 പേരെ മാറ്റാമെന്ന്‌ സമ്മതിച്ചു. ഞങ്ങൾ 99% സമ്മതിച്ചു, മറ്റെന്താണ് ചെയ്യാൻ കഴിയുക? സാധാരണ പൗരന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ജൂനിയർ ഡോക്ടർമാരോട് ജോലിയിൽ തിരിച്ചെത്താൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്”-മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Advertisment