ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മിയാചൗങ്' ചുഴലിക്കാറ്റ്: വിശദാംശങ്ങൾ അറിയാം

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറമേ, കിഴക്ക് ഒഡീഷയിലും ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രത്യേകിച്ച് തെക്കന്‍ തീരപ്രദേശങ്ങളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും.

author-image
shafeek cm
New Update
കാലവര്‍ഷം ശക്തിപ്പെടുന്നു: ഭൂതത്താന്‍കെട്ട് ഷട്ടറുകള്‍ തുറക്കും: പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തമിഴ്നാട് ചുഴലിക്കാറ്റിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 'മിയാചൗങ്' ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് വൈകുന്നേരം തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചിക്കുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിലനിന്നിരുന്ന ന്യൂനമര്‍ദം വെള്ളിയാഴ്ച പുലര്‍ച്ചെ 5:30 ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി നീങ്ങി ഇരട്ട ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment

നിലവില്‍ ചെന്നൈയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ തെക്കുകിഴക്കായും പുതുച്ചേരിയില്‍ നിന്ന് 790 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായുമാണ് ഈ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 2-ഓടെ ഈ ന്യൂനമര്‍ദം ഇരട്ട ന്യൂനമര്‍ദമായി മാറുകയും ഡിസംബര്‍ നാലിന് വൈകുന്നേരം 'മിയാചൗങ്' ചുഴലിക്കാറ്റായി രൂപപ്പെടുകയും ചെയ്യും. ചുഴലിക്കാറ്റായി മാറിയ ശേഷം തമിഴ്നാട്-ആന്ധ്രാപ്രദേശ് തീരത്ത് ആഞ്ഞടിക്കും.

ഈ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് 'മിയാചൗങ്'. മ്യാന്‍മര്‍ ആണ് ഈ ചുഴലിക്കാറ്റിന് പേര് നല്‍കിയത്. ചുഴലിക്കാറ്റിന് സാധ്യതയുള്ള ഒഡീഷ തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ നിരവധി തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രഭാത ബുള്ളറ്റിന്‍ അറിയിച്ചു.

ഡിസംബര്‍ രണ്ടിനും നാലിനും ഇടയില്‍ വടക്കന്‍ തീരപ്രദേശമായ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിലും സമാനമായ പ്രവചനം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ സംസ്ഥാനത്ത് കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ആന്ധ്രാപ്രദേശിലെ രായലസീമയില്‍ ഡിസംബര്‍ 3, 4 തീയതികളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറമേ, കിഴക്ക് ഒഡീഷയിലും ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രത്യേകിച്ച് തെക്കന്‍ തീരപ്രദേശങ്ങളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കും. മിയാചൗങ്' ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഡിസംബര്‍ ഒന്നു രാവിലെ മുതല്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40-50 കി.മീ വേഗതയിലും 60 കി.മീ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനുശേഷം, ഡിസംബര്‍ രണ്ടിന് രാവിലെ മുതല്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50-60 കിലോമീറ്ററിലെത്തും, മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലും വീശുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.്

ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്തുവരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഐഎംഡി മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഡിസംബര്‍ ഒന്നിനും നാലിനും ഇടയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും തമിഴ്നാട്-പുതുച്ചേരി തീരത്തും അതിനപ്പുറത്തും പോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ ഡിസംബര്‍ രണ്ടിന് രാവിലെ മുതല്‍ ഡിസംബര്‍ അഞ്ച് വരെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രാപ്രദേശ് തീരത്തും പുറത്തും പോകരുതെന്ന് ഐഎംഡി ബുള്ളറ്റിന്‍ അറിയിച്ചു.

കൂടാതെ, നിലവില്‍ കടലില്‍ പോയിട്ടുള്ളവര്‍ ഡിസംബര്‍ ഒന്നിനകം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരത്തേക്ക് മടങ്ങാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് തമിഴ്‌നാട് മുതല്‍ ഒഡീഷ തീരത്ത് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റീജിയന്‍ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്. കൂടാതെ, അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തപ്രതികരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്കും മറ്റ് കപ്പലുകള്‍ക്കും ഹാര്‍ബറിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പല തവണ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവിച്ച സംസ്ഥാനമാണ് ഒഡീഷ. എന്നാല്‍ രൂപീകരണത്തിന് ശേഷം മാത്രമേ ഈ ചുഴലിക്കാറ്റിന്റെ ആഘാതം അളക്കാന്‍ കഴിയൂ എന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ ഉമാശങ്കര്‍ ദാഷ് പറഞ്ഞു. അതേസമയം കിഴക്കന്‍ തീരപ്രദേശത്തെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാലസോര്‍, ഭദ്രക്, കേന്ദ്രപാര, ജഗത്സിംഗ്പൂര്‍, പുരി, ഖുര്‍ദ, ഗഞ്ചം എന്നീ ജില്ലകളിലെ കളക്ടര്‍മാരോട് ജാഗ്രത പാലിക്കണമെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ സത്യബ്രത സാഹു കത്തിലൂടെ ആവശ്യപ്പെട്ടു.

latest news miachaung cyclone
Advertisment