/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
നോയിഡ: ബെംഗളൂരുവില്‍ നിന്ന് കാണാതായ ടെക്കിയെ നോയിഡയിലെ ഒരു മാളിന് സമീപം കണ്ടെത്തി. ഓഗസ്റ്റ് നാലിനാണ് ഇയാളെ കാണാതായത്. സിനിമ കണ്ട് മാളിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് വടക്കന്‍ ബെംഗളൂരു സ്വദേശിയായ ടെക്കിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഇയാളെ പൊലീസ് ബെംഗളൂരുവിലെത്തിച്ചു.
ഭർത്താവിനെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ശ്രമം നടത്തുന്നില്ലെന്ന് ആരോപിച്ച് ഭാര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ടെക്കി എവിടെയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് സൂചന ലഭിച്ചിരുന്നില്ല. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
നോയിഡയിലെത്തിയ ഇയാള്‍ ഒരു പുതിയ സിം വാങ്ങുകയും അത് തൻ്റെ പഴയ ഫോണിൽ ഉപയോഗിക്കുകയും ചെയ്തു. ഇതോടെയാണ് ടെക്കിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.
തന്നെ ജയിലില്‍ അടയ്ക്കണമെന്നും, ഭാര്യയുടെ അടുത്തേക്ക് വിടരുതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ നൽകിയ പരാതി അവരുടെ സാന്നിധ്യത്തിൽ മാത്രമേ തീര്‍പ്പാക്കാന്‍ കഴിയൂ എന്ന് പൊലീസുകാർ പറഞ്ഞപ്പോൾ ഒടുവിൽ ടെക്കി സമ്മതിച്ചു.
ഇയാളെ വീട്ടിലേക്ക് തിരികെ അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് ടെക്കി പൊലീസിന് മൊഴി നല്‍കി.
"ഞാൻ രണ്ടാമത്തെ ഭർത്താവാണ്. മൂന്ന് വർഷം മുമ്പ് ഞാൻ കണ്ടുമുട്ടുമ്പോൾ, അവൾ വിവാഹമോചിതയിരുന്നു. അപ്പോള്‍ 12 വയസുള്ള മകളുണ്ടായിരുന്നു. അന്ന് ഞാന്‍ വിവാഹത്തിന് സമ്മതിച്ചു. ഞങ്ങള്‍ക്ക് ഇപ്പോള്‍ എട്ടു മാസം പ്രായമുള്ള മകളുണ്ട്"-ടെക്കി പൊലീസിനോട് പറഞ്ഞു.
ഭാര്യ തനിക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. പാത്രത്തില്‍ നിന്ന് ശകലം ചോറോ ചപ്പാത്തിയോ താഴെ വീണാല്‍ പോലും ദേഷ്യപ്പെടുമായിരുന്നു. അവര്‍ പറയുന്ന വസ്ത്രം താന്‍ ധരിക്കണം. ഒറ്റയ്ക്ക് പുറത്ത് പോയി ചായ കുടിക്കാന്‍ പോലും തന്നെ അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തന്നെ കാണാനില്ലെന്ന് അറിയിച്ച് ഭാര്യ തൻ്റെ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതിനാൽ ടെക്കി തൻ്റെ രൂപം മാറ്റിയിരുന്നത്രേ. മുഖം തിരിച്ചറിയാതിരിക്കാന്‍ തല മൊട്ടയടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവില്‍ നിന്ന് ബസില്‍ തിരുപ്പതിയിലെത്തിയ ഇയാള്‍, അവിടെ നിന്ന് ട്രെയിനില്‍ ഭുവനേശ്വറിലേക്ക് പോയി. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തി. അവിടെ നിന്നാണ് താന്‍ നോയിഡയില്‍ എത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us