/sathyam/media/media_files/00rPCMZXXeLQ0wlfbZIw.jpg)
ഭുവനേശ്വര്‍: വര്‍ഷങ്ങള്‍ നീണ്ട ബിജെഡി ഭരണം അവസാനിപ്പിച്ച് ഒഡീഷയില്‍ അധികാരത്തിലെത്തിയ ബിജെപി മോഹന്‍ ചരൺ മാജിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നാളെ (ജൂണ്‍ 12) മോഹന്‍ മാജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.
കിയോഞ്ജര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് മോഹന്‍ മാജി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കെ വി സിംഗ് ദിയോ, പ്രഭാതി പരിദ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.
നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് ഭുവനേശ്വറില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് മോഹൻ മാജിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് മോഹന്‍ മാജി.
#WATCH | Mohan Charan Majhi elected as the Leader of BJP Legislative Party in Odisha. He will be the new CM of the state. pic.twitter.com/tDMART1zN7
— ANI (@ANI) June 11, 2024
കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിംഗ്, ഭൂപേന്ദർ യാദവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോഹന്‍ മാജിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
147 അംഗ ഒഡീഷ നിയമസഭയിൽ 78 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സര്‍ക്കാരാണ് വര്‍ഷങ്ങളായി ഒഡീഷ ഭരിച്ചിരുന്നത്. ബിജെഡി യുഗത്തിന് അന്ത്യം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ 21 ലോക്‌സഭാ സീറ്റുകളിൽ 20 എണ്ണവും ബിജെപി നേടി.