കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ കഴിഞ്ഞ 37 ദിവസമായി രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. സംഭവം നടന്ന കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്തമാണ്.
ഇതിനിടെ പ്രതിഷേധസൂച കമായി നടി മോക്ഷ സെന്‍ഗുപ്ത നടത്തിയ തെരുവുനൃത്തം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കവി കാസി നസ്‌റുൽ ഇസ്‌ലാമിൻ്റെ ഒരു ഗാനം പശ്ചാത്തലമാക്കിയാണ് താരം നൃത്തമാടിയത്.
ഓഗസ്റ്റ് 31 ന് സൗത്ത് കൊൽക്കത്തയിലെ സന്തോഷ്പൂരിൽ ഒരു എൻജിഒ തെരുവ് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോക്ഷയും അണിചേര്‍ന്നു. തുടര്‍ന്നാണ് താരം തെരുവ് നൃത്തമാടിയത്. അന്ന് താരം നടത്തിയ തെരുവ്‌നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
"കുറ്റകൃത്യത്തെക്കുറിച്ച് ഞാൻ ആദ്യം കേട്ടപ്പോൾ, ഞാൻ ഒരു സിനിമയുടെ റിലീസിനായി ഹൈദരാബാദിലായിരുന്നു. എനിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. കൊൽക്കത്തയിലെ ഈ ഹീനകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ ഞാൻ പ്രതിഷേധിക്കാൻ എൻ്റെ നഗരത്തിലേക്ക് മടങ്ങി. ഒരു കലാകാരിയെന്ന നിലയിൽ, പ്രതിഷേധത്തിൻ്റെ രൂപമായി ഞാൻ തെരുവ് പ്രകടനം തിരഞ്ഞെടുത്തു. വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും സാധാരണക്കാരുടെ ആശങ്കകൾ അറിയിക്കാനും എൻ്റെ കല ഉപയോഗിച്ച് നഗരവാസികളുടെ പ്രതിനിധിയായി നിൽക്കാനും ഞാൻ എൻ്റെ സമയം നീക്കിവച്ചു," മോക്ഷ പറഞ്ഞു.
മലയാളമടക്കം വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയയാണ് മോക്ഷ. അതേസമയം, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും.