Advertisment

മൂന്നാം മോദി സര്‍ക്കാര്‍ മുദ്രായോജനയില്‍ മാജിക് കാണിക്കുമോ ? തുക വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍; 2024-25 ല്‍ കേരളത്തില്‍ മുദ്രാ യോജനവഴി വായ്പയെടുക്കുന്നവരുടെ എണ്ണം 20 ലക്ഷം കടക്കും !

സംസ്ഥാനത്തു നേരിടുന്ന തൊഴില്‍ ക്ഷാമത്തെ തുടര്‍ന്നാണു കൂടുതല്‍ പേര്‍ സംരംഭകത്വത്തിലേക്കു തിരിയുന്നുവെന്നുമാണു മുദ്രാ വായ്പയ്ക്ക് ഡിമാന്‍ഡ് കൂടുന്നതിലൂടെ വിലയിരുത്തുന്നത്

New Update
modi mudra

കോട്ടയം: മൂന്നാം മോദി സര്‍ക്കാര്‍ മുദ്രായോജനയില്‍ മാജിക് കാണിക്കുമോ ? രാജ്യത്തെ ചെറുകിടക്കാരുടെ വികസന സ്വപ്‌നങ്ങള്‍ക്കു കരുത്തു പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയാണു 2015 ല്‍ ആരംഭിച്ച പ്രധാനമന്ത്രി മുദ്രാ യോജന (പി.എം.എം.വൈ) പദ്ധതി. മുദ്രായോജന ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് സംരഭമെന്ന സ്വപ്‌നം വളരെ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതു പദ്ധതിയെ ജനപ്രിയമാക്കി മാറ്റി. ഇതോടെയാണ് തുക വർധിപ്പിക്കുമെന്ന പ്രതീക്ഷകൾ സജീവമായത്.

Advertisment

 രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച് ഇടക്കാല ബജറ്റില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയെങ്കിലും പദ്ധതിയെക്കുറിച്ചു പരാമര്‍ശിച്ചു പോവുകമാത്രമാണു ചെയ്തത്. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മുദ്രാ യോജനയിലെ തുകയില്‍ വര്‍ധനവുണ്ടാക്കുമോ എന്ന ആകാംക്ഷയിലാണു രാജ്യത്തെ ചെറുകിട ബിസിനസ് സംരംഭകര്‍. തുക വര്‍ധിപ്പിക്കുമെന്ന സൂചനയാണ് ഇതിനോടകം പുറത്തു വരുന്നത്.


നിലവില്‍ പത്തു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ മുദ്രാ ലോണ്‍ വഴി വായ്പയെടുക്കാം. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു തരം മുദ്രാ ലോണുകളാണുള്ളത്. ശിശുവില്‍ 50,000 രൂപ വരെ വായ്പ ലഭിക്കും. കിഷോറില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ പ്രകാരം 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.


കോവിഡ് കാലഘട്ടത്തിനു ശേഷം മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടപാടുകാര്‍ 19.73 ലക്ഷമായി കൂടിയെന്നു ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ അധിഷ്ഠിതമാക്കിയുള്ള മുദ്രാ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

2019- 20ല്‍ സംസ്ഥാനത്ത് മുദ്രയിലെ മൂന്നു വിഭാഗങ്ങളിലുമായി 21.76 ലക്ഷം ഇടപാടുകാരുണ്ടായിരുന്നതാണ് 2022 - 23ല്‍ 17.81 ലക്ഷം പേരായി കുറഞ്ഞിരുന്നു. 3.95 ലക്ഷം പേരുടെ കുറവ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇടപാടുകാരുടെ എണ്ണം വീണ്ടും ഉയര്‍ന്നതും നടപ്പു സാമ്പത്തിക വര്‍ഷം 20 ലക്ഷം കടന്നേക്കുമെന്ന വിലയിരുത്തലുകളും ഉണ്ട്.

മുദ്രാ യോജനപ്രകാരം കേരളത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ വിതരണം ചെയ്തത് 18,015 കോടി എന്ന റെക്കോര്‍ഡ് തുകയാണ്. തൊട്ടുമുന്‍ വര്‍ഷത്തെ 2022 - 23 ആകെത്തുകയായ 15,079 കോടി രൂപയേക്കാള്‍ 2,935 കോടി രൂപ അധികം. കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ ഏറ്റവുമധികം തുക വിതരണം ചെയ്തതു കിഷോര്‍ വിഭാഗത്തിലാണ്. 9,328 കോടി രൂപ. 2022- 23ല്‍ ഈയിനത്തില്‍ വിതരണം ചെയ്ത വായ്പകളുടെ മൂല്യം 7,851 കോടി രൂപയായിരുന്നു.

സംസ്ഥാനത്തു നേരിടുന്ന തൊഴില്‍ ക്ഷാമത്തെ തുടര്‍ന്നാണു കൂടുതല്‍ പേര്‍ സംരംഭകത്വത്തിലേക്കു തിരിയുന്നുവെന്നുമാണു മുദ്രാ വായ്പയ്ക്ക് ഡിമാന്‍ഡ് കൂടുന്നതിലൂടെ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ നിരവധിപേര്‍ മുദ്രാ വായ്പയിലൂടെ ചെറിയ സംരംഭങ്ങള്‍ തുടങ്ങി നേട്ടം ഉണ്ടാക്കി കഴിഞ്ഞു.

ഇതോടെയാണു മുദ്രാ വായ്പാ പരിധി ഉയര്‍ത്തുമെന്നുള്ള സൂചനകള്‍ പുറത്തുവരുന്നത്. തുക വര്‍ധിപ്പിക്കുന്നതു നിരവധി പേര്‍ക്കു ഉപകാരപ്രദമാണ്. ഇതിനായി രാജ്യവ്യാപകമായി ആവശ്യം ഉയരുകയാണ്. എല്ലാ പ്രതീക്ഷകളും  23ന് അവതരിപ്പിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലാണ്.

Advertisment