/sathyam/media/media_files/2024/11/07/66xsrAPkWfgwkfFwsB1l.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങൾ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്.
74 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷിയായ കോൺഗ്രസ് ആ പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ വിജയശില്പികളിൽ പ്രധാനിയായിരുന്നു രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയ 12 സീറ്റുകൾ എന്ന ഉജ്ജ്വലനേട്ടം രമേശ് ചെന്നിത്തലയ്ക്കും അവകാശപ്പെട്ടതാണ്.
മുബൈയിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ചെന്നിത്തല, വിമതശല്യം ഒഴിവാക്കുന്നതിലടക്കം നിർണായക പങ്കാണ് വഹിച്ചത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ് രമേശ് ചെന്നിത്തല.
മഹാരാഷ്ട്രയ്ക്കായി മഹാവികാസ് അഘാഡിയുടെ 5 വാഗ്ദാനങ്ങൾ തയ്യാറാക്കുന്നതിലും ചെന്നിത്തലയ്ക്ക് മുഖ്യപങ്കുണ്ടായിരുന്നു. വനിതകൾക്ക് പ്രതിമാസം 3000 രൂപ വേതനം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ ബസ് യാത്ര, മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളും.
സ്ഥിരമായി ലോൺ തിരിച്ചടവിന് അമ്പതിനായിരം രൂപ വരെ ഇൻസെന്റീവ്, സംസ്ഥാനത്തെ ജാതി സെൻസസ് ഏർപ്പെടുത്തും. അമ്പതുശതമാനം റിസർവേഷൻ ക്വോട്ട മാറ്റാൻ ശ്രമിക്കും, 25 ലക്ഷം രൂപ വരെ വരുന്ന സൗജന്യ ഇൻഷുറൻസും സൗജന്യ മരുന്നുകളും, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് 4000 രൂപ വരെ പ്രതിമാസ ധനസഹായം എന്നിങ്ങനെയാണ് മഹാവികാസ് അഘാഡിയുടെ വാഗ്ദാനങ്ങൾ.
മുംബൈ നഗരത്തിലെ നിർണായകമായ 36 സീറ്റുകളുടെ മത്സരത്തിൽ മഹാവികാസ് അഘാഡിയും കോൺഗ്രസ് പാർട്ടിയും സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനഞ്ഞതും ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. ഇതിനായി മുംബൈ റീജണൽ കോൺഗ്രസ് കമ്മിറ്റിയുടെ സീനിയർ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തു. ഓരോ മണ്ഡലത്തിലെ സാധ്യതകളും യോഗത്തിൽ വിലയിരുത്തി.
മഹാവികാസ് അഘാഡിയുടെ ജയം ഉറപ്പെന്നാണ് ചെന്നിത്തല പറയുന്നത്. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്. അഴിമതിക്കാരെ പുറത്താക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രാഥമിക ലക്ഷ്യം. മഹാവികാസ് അഘാഡി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് - ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിലെ നിരവധി അംസതൃപ്തരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. മഹാവികാസ് അഘാഡിയിലെ 12 വിമതരെ മത്സര രംഗത്ത് നിന്ന് പിന്മാറ്റാൻ കഴിഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി ഒരേ മനസോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാക്കിയതാണ് ചെന്നിത്തലയുടെ നേട്ടം.
ഇന്ത്യാ സഖ്യവും മഹാവികാസ് അഘാഡി മുന്നണിയും നിര്‍ണായകമായ പോരിന് സജ്ജമായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനമൊട്ടാകെ ഇരുപതിനായിരത്തില്‍ പരം കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനം തെരഞ്ഞെടുപ്പില്‍ നിര്‍ണായ വിഷയമായി ഉയർത്തിക്കാട്ടുന്നത് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരമാണ്.
"മഹാരാഷ്ട്രയുടെ ചുമതല ഏറ്റെടുത്തപ്പോൾ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ദൗത്യം. അതിൽ ചെന്നിത്തല വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയും ചെയ്യുകയാണ്. കോൺഗ്രസിന് ശക്തമായ പാരമ്പര്യമുണ്ട്, ഞങ്ങൾ മഹാരാഷ്ട്രയിൽ ശക്തമായി തിരിച്ചുവരും" - ചെന്നിത്തല പറഞ്ഞു.
ഹരിയാനയിലെ തിരിച്ചടി ഉൾക്കൊണ്ട് തിരഞ്ഞെടുപ്പ് നേരിടാനാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുള്ളത്. മഹാ വികാസ് അഗാഘിക്കുള്ളിൽ ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എൻ.സി.പി കക്ഷികളുമായി ഒന്നിച്ചു നീങ്ങുന്നു.
288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ശിവസേനാ ഉദ്ധവ് വിഭാഗവും ഷിൻഡെ വിഭാഗവും 53 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും 36 സീറ്റുകളിലും മുഖാമുഖം മത്സരിക്കുന്നുണ്ട്.
ശിവസേനയുമായി നടത്തിയ ആദ്യഘട്ട ചർച്ചയിൽ 115 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ശിവസേനയെയും എൻ.സി.പിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങുകയാണ് കോൺഗ്രസ്. മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് നേരിടുമെന്നും കോൺഗ്രസിനും മഹാവികാസ് അഘാഡിക്കും അനുകൂലമാണ് സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ അതീവ രൂക്ഷമാണ്. തങ്ങളുടെ സഖ്യകക്ഷികളെ ചതിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത് - ചെന്നിത്തല വ്യക്തമാക്കി.
പാർലമെന്റ് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച ചെന്നിത്തല, വിദർഭ, മറാത്ത് വാഡ, പശ്ചിമ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര, മുംബൈ ഉൾപ്പെടെയുള്ള മേഖലകളിൽ സഞ്ചരിച്ച്, നാലരമാസത്തോളം മഹാരാഷ്ട്രയിൽ സജീവമായിരുന്നു. അതിന്റെ ഫലമായിരുന്നു 12 സീറ്റുകളിലെ വിജയം.
മഹാരാഷ്ട്രയുടെ ചുമതലയേറ്റെടുത്തശേഷമാണ് കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, മിലിന്ദ് ദേവ്‌റ എന്നിവർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു അത്.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. അംഗമെന്നനിലയിൽ കോൺഗ്രസ് പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്ത് പ്രവർത്തകരെ സജ്ജമാക്കിയതോടൊപ്പം ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നീ സഖ്യനേതാക്കളെ വീട്ടിൽ സന്ദർശിച്ച് അവരോട് സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിന്റെ അടിത്തറ തകർന്നിട്ടില്ലെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പോടെ വ്യക്തമാക്കാനും കഴിഞ്ഞു.