മുംബൈ: മഹാവിജയം നേടിയിട്ടും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനോ സര്‍ക്കാര്‍ രൂപീകരിക്കാനോ കഴിയാത്തതില്‍ ബിജെപിക്കുള്ളില്‍ കടുത്ത അസംതൃപ്തി. ശിവസേന ഷിന്‍ഡേ വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തിനായി കടുംപിടുത്തം തുടരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുന്നത്. എന്‍സിപി അജിത് കുമാര്‍ പക്ഷവും ഫഡ്നാവിസിനൊപ്പമാണ്.
അതേസമയം സര്‍ക്കാരിനെ നയിച്ച് മുന്നണിയെ മികച്ച വിജയത്തിലേയ്ക്ക് എത്തിച്ച നേതാവെന്ന നിലയില്‍ ഏക്നാഥ് ഷിന്‍ഡേയ്ക്ക് ഒരു ടേമെങ്കിലും നില്‍ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.
ഷിന്‍ഡേയെ പിണക്കാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഷിന്‍ഡെ പിന്തുണച്ചില്ലെങ്കില്‍പോലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒറ്റയ്ക്കുണ്ട്.
അതേസമയം, കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ രാജ്യസഭയിലെത്തിച്ച് കേന്ദ്ര ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയുള്ള പ്രശ്നപരിഹാരത്തിനും സാധ്യതയുണ്ട്.
മുഖ്യമന്ത്രിയായിരുന്ന ശേഷം ഉപമുഖ്യമന്ത്രി ആകുന്നതിനു പകരം കേന്ദ്ര ക്യാബിനറ്റിലേയ്ക്ക് പോകുന്നതിലാകും ഷിന്‍ഡേയ്ക്കും താല്‍പര്യം.
മുഖ്യമന്ത്രി പദവിയില്‍ ഒരു ടേം കിട്ടിയില്ലെങ്കില്‍ ഷിന്‍ഡെ തെരഞ്ഞെടുക്കുക കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്ഥാനം ആയിരിക്കുമെന്നാണ് സുചന. പക്ഷേ അങ്ങനെ വന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലും ശിവസേനയിലും തന്‍റെ പിടി അയയുമോ എന്ന ആശങ്ക ഷിന്‍ഡെയ്ക്ക് ഉണ്ട്.
അതിനിടെ അല്‍പ സമയം മുന്‍പ് മാധ്യമങ്ങളെ കണ്ട ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോകുന്നതിന്‍റെ സുചന നല്‍കിയിട്ടുണ്ട്. തീരുമാനം ബിജെപിക്ക് വിട്ടതായും, ബിജെപി ആരെ മുഖ്യമന്ത്രിയാക്കിയാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇതോടെ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നുതന്നെയാകും എന്ന സൂചയാണ് പുറത്തുവരുന്നത്. അപ്പോഴും ആരാണ് മുഖ്യമന്ത്രിയെന്നും സര്‍ക്കാര്‍ എപ്പോഴെന്നും തീരുമാനത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുമില്ല.