മുംബൈ: ബജറ്റിൻ്റെ 15 ശതമാനം മുസ്ലീങ്ങൾക്കായി നീക്കിവയ്ക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി വിവാദപ്രസ്താവന നടത്തിയത്.
"രാജ്യത്തിൻ്റെ വിഭവങ്ങളിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്ന് കോൺഗ്രസ് സർക്കാർ തുറന്ന് പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഇത് പറഞ്ഞ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ എൻ്റെ എതിർപ്പ് ഉന്നയിച്ചിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ ബജറ്റ് അനുവദിക്കാൻ പോലും ആഗ്രഹിച്ചു. മുസ്ലീങ്ങൾക്കായി ബജറ്റിൻ്റെ 15 ശതമാനം നീക്കിവയ്ക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്," മോദി പറഞ്ഞു.
മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും പദ്ധതികൾ താൻ തുറന്നുകാട്ടുകയാണെന്നും തനിക്ക് സ്വന്തം പ്രതിച്ഛായയേക്കാൾ രാജ്യത്തിൻ്റെ ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണിയും, കോണ്‍ഗ്രസിന്റെ രാജകുമാരനും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. കർണാടക അവരുടെ പരീക്ഷണശാലയാണെന്നും മോദി പറഞ്ഞു. "കർണ്ണാടകയിലെ മുസ്ലീങ്ങളെ ഒറ്റരാത്രികൊണ്ട് ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തി, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഇത് നടപ്പിലാക്കാൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.
"കോൺഗ്രസും ഇന്ത്യാ മുന്നണിയും അധികാരത്തിൽ വന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കും. കോൺഗ്രസിൻ്റെ രാജകുമാരനും ഇന്ത്യാ മുന്നണിയും പഴയ പ്രീണന കളിയാണ് കളിക്കുന്നത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ അവർ കണ്ണുവയ്ക്കുകയാണ്. അവർ പരീക്ഷണങ്ങൾ ആരംഭിച്ചു. കർണാടകയെ അവരുടെ ലബോറട്ടറിയാക്കി മാറ്റി. കർണാടകയിൽ അധികാരത്തിലെത്തിയ ശേഷം ഒറ്റരാത്രികൊണ്ട് മുസ്ലീങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി'', മോദി ആരോപിച്ചു.