Advertisment

ലോകനേതാക്കളെ ഡൽഹിയിലെത്തിച്ച് ഇന്ത്യയുടെ ഗംഭീര നയതന്ത്ര വിജയത്തിന് ചുക്കാൻ പിടിച്ചതിനുള്ള സമ്മാനമായി അമിതാഭ് കാന്തിന് കേന്ദ്രമന്ത്രി പദവി ? പാകിസ്ഥാൻ വഴിയുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യാ- ഗൾഫ്- യൂറോപ്പ് ഇടനാഴിക്ക് അനുമതി നേടിയെടുത്ത മിടുക്കൻ. തൊഴിലില്ലായ്മ ഏറ്റവും കൂടുതലെന്ന റിപ്പോർട്ട് തള്ളി കേന്ദ്രത്തിന് രക്ഷകനായി. കൊച്ചി ബിനാലെയുടെ കടുത്ത ആരാധകൻ. കേരളാ കേഡർ ഐ.എ.എസുകാരൻ കേന്ദ്രധനമന്ത്രിയായാൽ കേരളത്തിന് മെച്ചമോ

New Update
amitabh-kanth-eci-14.jpg

ഡൽഹി: ഇന്ത്യ ആദ്യമായി ആതിഥേയരായ ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ ഗംഭീര നയതന്ത്ര വിജയത്തിന് ചുക്കാൻ പിടിച്ചതിനുള്ള അംഗീകാരമായാണ് കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്തിനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്. ഉച്ചകോടിയിൽ ഇന്ത്യയുടെ ഷെർപ്പയായിരുന്നു അമിതാഭ്കാന്ത്. പാകിസ്ഥാൻ വഴിയുള്ള ചൈനയുടെ ആഗോള റെയിൽ - റോഡ് കണക്‌ടിവിറ്റിക്ക് (ബെൽറ്റ് ആൻഡ് റോഡ് ) ബദലായി ഇന്ത്യ അടങ്ങുന്ന ദക്ഷിണേഷ്യ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യേഷ്യ, യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ച് റെയിൽ-ഷിപ്പിംഗ്- വാതക- ഡേറ്റാ ഇടനാഴിക്ക് ജി-20 ഉച്ചകോടിയിൽ അംഗീകാരം നേടിയെടുക്കാനായത് അമിതാഭ് കാന്തിന്റെ വിജയമായിരുന്നു.

Advertisment

ആസൂത്രണ കമ്മിഷന് പകരമുള്ള നീതി ആയോഗിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന അമിതാഭ് കാന്തിനെ കേന്ദ്ര ധനമന്ത്രി സ്ഥാനത്തേക്കടക്കം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ എക്കാലത്തെയും മിത്രമായ റഷ്യയെ, ഉക്രെയിൻ യുദ്ധത്തിൽ കുറ്റപ്പെടുത്താതെ പ്രമേയം അവതരിപ്പിക്കാൻ കഴിഞ്ഞതും കാന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ വൻ വിജയമായി കണക്കാക്കപ്പെടുന്നു. ഇന്ത്യ, സൗദി അറേബ്യ, യു.എ.ഇ, ജോർദ്ദാൻ, ഇസ്രയേൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ തുറമുഖങ്ങൾ, വൈദ്യുതി ശൃംഖല, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ, സമുദ്രങ്ങൾക്കടിയിലൂടെയുള്ള ഡേറ്റാ കേബിൾ ശൃംഖല എന്നിവ വഴി ബന്ധപ്പെടുത്തുകയാണ് ലക്ഷ്യം. 

ഇന്ത്യയിൽ നിന്ന് കടൽമാർഗ്ഗം തൊട്ടടുത്ത മേഖലയിലേക്കും അവിടെ നിന്ന് റെയിൽ മാർഗം അതുമായി ചേർന്നുകിടക്കുന്ന രാജ്യങ്ങളിലേക്കും കണക്ടിവിറ്റി ഉണ്ടാകും. സമുദ്രമാർഗമുള്ള കണക്ടിവിറ്റി മറ്റു രാജ്യങ്ങളിലേക്കും ഉണ്ടാവും. മുംബയിൽ നിന്ന് സൂയസ് കനാൽ വഴി യൂറോപ്പിലേക്ക് പോകുന്ന കണ്ടെയിനർ ഷിപ്പിംഗ് പദ്ധതി ഇതിന്റെ ഭാഗമാണ്. ഇതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇസ്രയേലിലെ ഹൈഫയിലേക്ക് റെയിൽ മാർഗം വ്യാപാരബന്ധം വികസിപ്പിക്കാം. ഇതുവഴി പണവും സമയവും ലാഭിക്കാം. ഇതിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് അമിതാഭ് കാന്തിന്റെ നേതൃത്വത്തിലായിരുന്നു.

ഇന്ത്യയുടെ ദീർഘകാല സുഹൃത്തായ റഷ്യയെ കുറ്റപ്പെടുത്താതെ തന്നെ യുദ്ധവിരുദ്ധ സന്ദേശം നൽകുന്നതായിരുന്നു ജി20 ഉച്ചകോടിയുടെ പ്രഖ്യാപന രേഖ. അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് പാശ്ചാത്യ ശക്തികളും എതിർക്കുന്ന റഷ്യയ്‌ക്കെതിരെ സംയുക്ത പ്രഖ്യാപനത്തിൽ പരാമർശമുണ്ടാകുന്നത് ഒഴിവാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങളാണ് വിജയം കണ്ടത്. സമവായമുണ്ടാക്കാൻ ഇന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ബ്രസീലും വികസ്വര രാജ്യങ്ങളിലെ വിപണികളിൽ താത്പര്യമുള്ള രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വരരാജ്യങ്ങൾ അടങ്ങിയ ഗ്ലോബൽ സൗത്തിന്റെ താത്‌പര്യങ്ങൾ വികസിത രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പമാണ് 55 രാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയനെ ജി 20യിൽ സ്ഥിരാംഗമാക്കാനുള്ള ഇന്ത്യൻ ശ്രമവും വിജയിച്ചത്. യൂറോപ്യൻ യൂണിയന് ശേഷം ജി 20യിൽ അംഗമാകുന്ന രണ്ടാമത്തെ പ്രാദേശിക ബഹുരാഷ്‌ട്ര കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ. 1999ൽ ജി 20 നിലവിൽ വന്ന ശേഷം ആദ്യമായാണ് പുതിയ അംഗത്തെ ചേർത്തത്.അമിതാഭ് കാന്ത് ജി 20 ഉച്ചകോടിയിൽ ഗവൺമെന്റിന്റെ തലവനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത പ്രതിനിധിയായിരുന്നു. ഷെർപ്പ എന്ന നിലയിൽ, ഉച്ചകോടിക്ക് മുമ്പുള്ള മീറ്റിംഗുകളുടെയും പങ്കാളിയുമായുള്ള ചർച്ചകളുടെയും ഉത്തരവാദിത്തം അമിതാഭ് കാന്തിനായിരുന്നു. എല്ലാ രാജ്യങ്ങളെയും ഉച്ചകോടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്  അമിതാബ് കാന്തിന്റെ കൂടി വിജയമായിരുന്നു.

 

രാജ്യത്തെ തൊഴിലില്ലായ്‌മ 45 വർഷത്തെ കൂടിയ നിരക്കിലാണെന്ന ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് നീതി ആയോഗ് സി.ഇ.ഒ ആയിരിക്കെ തള്ളിക്കളഞ്ഞ് അമിതാഭ് കാന്ത് കേന്ദ്രസർക്കാരിനെ രക്ഷിച്ചിരുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ സർവേ പുറത്ത് വന്നിരുന്നു. നോട്ടു നിരോധനം തൊഴിൽ മേഖലയെ തകർത്തെന്നായിരുന്നു സർവേയിലെ കണ്ടെത്തൽ.  2011-12ൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ൽ 6.1 ശതമാനമായി.

ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും കണ്ടെത്തലുകൾ കേന്ദ്രസർക്കാർ നിരാകരിച്ചതിനാൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. റിപ്പോർട്ട് അപൂർണമാണെന്നായിരുന്നു അമിതാഭ് കാന്തിന്റെ പ്രതികരണം.

കേന്ദ്രത്തിൽ ഉന്നത പദവിയിലാണെങ്കിലും കൊച്ചി ബിനാലെ കാണാൻ സ്ഥിരമായി അമിതാഭ് കാന്ത് എത്തുമായിരുന്നു. ലോകത്തെ ഏറ്റവും മഹത്തായ ബിനാലെകളിലൊന്നാണ് കൊച്ചിയിലേതെന്ന് അദ്ദേഹം പറയുമായിരുന്നു. ആർട്ടിസ്റ്റുകളുടെ ആർജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകർഷകത്വവും ഊർജവും പരിവർത്തനാത്മകതയും ശ്രദ്ധേയമാണ്  അമിതാഭ് കാന്ത് പറയുമായിരുന്നു.

Advertisment