New Update
/sathyam/media/media_files/MRfj2Zul0VINEHpGCCCb.jpg)
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് നടക്കും. രാഷ്ട്രപതി ഭവനിൽ 7.15നാണ് ചടങ്ങ്. നരേന്ദ്ര മോദിക്കൊപ്പം മുപ്പതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങ് 45 മിനിറ്റ് മാത്രമാകും ഉണ്ടാകുക. 7.15ന് ആരംഭിച്ച് എട്ടുമണിക്ക് അവസാനിക്കും.
Advertisment
ആഭ്യന്തര, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ നിർണായക വകുപ്പുകൾ ബിജെപി മന്ത്രിമാർ കൈകാര്യം ചെയ്യും. നിർണായക മന്ത്രിസ്ഥാനങ്ങൾക്കൊപ്പം സ്പീക്കർ പദവി ബിജെപി തന്നെ കൈകാര്യം ചെയ്തേക്കും. മന്ത്രിമാരുടെയും അംഗബലം 78നും 81നും ഇടയിലായിരിക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഭവന് ചുറ്റുമുള്ള റോഡുകളിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.
10 വർഷത്തിനിടെ ഇതാദ്യമായാണ് ബിജെപിക്ക് ഭൂരിപക്ഷം കുറയുന്നത്. ഈ തെരഞ്ഞെടുപ്പ് ഫലം മന്ത്രിസഭാ ഘടനയിലും പ്രതിഫലിക്കും. ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡും ഒന്നിലധികം മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദം ചെലുത്തുന്നുണ്ട്. തൃശൂരിലൂടെ കേരളത്തിൽ ആദ്യമായി താമര വിരിയിച്ച സുരേഷ് ഗോപി മന്ത്രിസ്ഥാനത്തേക്ക് എത്തുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും.
ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചന്ദ', ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ് എന്നിവരുൾപ്പെടെ നിരവധി വിദേശ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.