ഇംഗ്ലീഷ് സംസാരിക്കാത്തതിന് വിദ്യാർഥിയെ ചെരിപ്പുമാല അണിയിച്ചു; അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവ്

സ്‌കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും മുന്നിൽവെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി.

New Update
school.webp

ഷില്ലോങ്: സ്‌കൂളിൽ ഇംഗ്ലീഷ് സംസാരിക്കാത്തതിന് ആറാംക്ലാസ് വിദ്യാർഥിയെ ചെരിപ്പുമാലയണിയിച്ച് നടത്തിയതായി പരാതി. മേഘാലയിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും മുന്നിൽവെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാർഥി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

Advertisment

ശിക്ഷിക്കപ്പെടുന്ന വിദ്യാർഥികളുടെ പേര് പ്രധാനാധ്യാപകൻ സ്‌കൂൾ അസംബ്ലികളിൽ പ്രഖ്യാപിക്കുകയും തുടർന്ന് ചെരിപ്പ് മാലയിട്ട് പരേഡ് നടത്തുകയും ചെയ്യുകയാണ് പതിവെന്ന് വിദ്യാർഥികൾ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ശിക്ഷാ രീതി നടക്കാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ചവറ്റുകൊട്ടയിൽ നിന്ന് എടുത്ത ചെരിപ്പുകളാണ് മാലയാക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു. ചവറ്റുകൊട്ടകൾ നക്കിപ്പിക്കുക, ശാരീരികമായി വേദനിപ്പിക്കുക, മുടി വെട്ടൽ തുടങ്ങി നിരവധി മനുഷ്യത്വരഹിതമായ ശിക്ഷകൾ സ്‌കൂളിൽ നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാനും ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും നിരപരാധികളായ വിദ്യാർഥികൾക്ക് നീതി നൽകണമെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റക്കം എ സാങ്മ ബന്ധപ്പെട്ട ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോടും വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്നും മന്ത്രി ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ഖാസി, ഗാരോ, ജയന്തിയ എന്നിവയാണ് മേഘാലയയിൽ പ്രധാനമായും സംസാരിക്കുന്ന ഭാഷകള്‍.

natioanl
Advertisment