/sathyam/media/media_files/llAihT9Ye1DfatxIgQHz.jpg)
പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായി. ലാലു വളരെയധികം സന്തതികളെ സൃഷ്ടിച്ചുവെന്നും, ആര്‍ക്കെങ്കിലും ഇത്രയധികം ആവശ്യമുണ്ടോയെന്നുമായിരുന്നു നിതീഷിന്റെ പരാമര്‍ശം. ബൻമാംഖിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളെയാണ് സ്ഥാനം ഏല്‍പിക്കുന്നത്. കുറേ സന്തതികളെ അദ്ദേഹം സൃഷ്ടിച്ചു. ആർക്കെങ്കിലും ഇത്രയധികം സന്തതികളെ സൃഷ്ടിക്കേണ്ടതുണ്ടോ? പക്ഷേ അദ്ദേഹം ചെയ്തു. ഇപ്പോൾ അദ്ദേഹം പുത്രന്മാരെയും പെൺമക്കളെയും എല്ലാവരേയും ഉൾപ്പെടുത്തി'', എന്നായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.
ലാലു യാദവിൻ്റെ രണ്ട് പെൺമക്കളായ രോഹിണി ആചാര്യ, മിസ ഭാരതി എന്നിവരെ സരൺ, പാടലീപുത്ര സീറ്റുകളിൽ നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥികളായി ആർജെഡി നിർത്തിയതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. ആർജെഡി സ്ഥാനാർത്ഥികളുടെ കുറവുള്ളതിനാലാണ് ലാലു യാദവ് മക്കളെ മത്സരിപ്പിക്കുന്നതെന്ന് സരണിൽ നിന്നുള്ള ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയും ആരോപിച്ചു.
എന്നാൽ സ്വജനപക്ഷപാതം, അഴിമതി എന്നീ പദങ്ങൾ ആർജെഡിയുടെ പര്യായമായി മാറിയെന്ന് നിതീഷ് കുമാറിനെ ന്യായീകരിച്ച് ജെഡിയു നേതാവ് പരിമൾ കുമാർ പറഞ്ഞു. കുടുംബാംഗങ്ങളെ രാഷ്ട്രീയ പദവികളിൽ പ്രതിഷ്ഠിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ഗ്യാൻ രഞ്ജനും നിതീഷ് കുമാറിൻ്റെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ചു. സംസ്ഥാനത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമുള്ള എൻഡിഎയുടെ നിരാശയാണ് ജെഡിയു മേധാവിയുടെ പ്രസ്താവന കാണിക്കുന്നതെന്നായിരുന്നു ആർജെഡി വക്താവ് ഇജാസ് അഹമ്മദിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ പരാമര്‍ശം വോട്ടര്‍മാര്‍ വിലയിരുത്തട്ടെയെനന്നായിരുന്നു മിസ ഭാരതിയുടെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us