അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല, കസ്റ്റഡിയില്‍ തുടരും; അടിയന്തര വാദം കേള്‍ക്കുന്നതിനെ എതിര്‍ത്ത് ഇ.ഡി; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അന്വേഷണ ഏജന്‍സി; കേസില്‍ അടുത്ത വാദം ഏപ്രില്‍ മൂന്നിന്‌

കേസ് തീർപ്പാക്കുന്നതിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ പ്രതികരണം അനിവാര്യവും നിർണായകവുമാണെന്ന് പറഞ്ഞ ഡൽഹി ഹൈക്കോടതി ഏപ്രിൽ രണ്ടിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടു

New Update
arvind kejriwal1

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

Advertisment

മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ അടിയന്തരമായി വിട്ടയക്കണമെന്ന് അദ്ദേഹത്തിന്‌ വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അടിയന്തര വാദം കേൾക്കുന്നതിനെ എതിർക്കുകയും അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷയിലും റിട്ട് ഹർജിയിലും മറുപടി നൽകാൻ സമയം തേടുകയും ചെയ്തു.  ഹർജിയുടെ പകർപ്പ് ചൊവ്വാഴ്ച തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മറുപടി നൽകാൻ സമയം വേണമെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു പറഞ്ഞു.

ഒരു കേസ് കേൾക്കുകയും തീരുമാനിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവിക നീതിയുടെ തത്വങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ഇരുപക്ഷത്തെയും ന്യായമായി കേൾക്കാൻ കോടതി ബാധ്യസ്ഥനാനാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

കേസ് തീർപ്പാക്കുന്നതിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ പ്രതികരണം അനിവാര്യവും നിർണായകവുമാണെന്ന് പറഞ്ഞ ഡൽഹി ഹൈക്കോടതി ഏപ്രിൽ രണ്ടിനകം മറുപടി നൽകാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. കേസിൽ അടുത്ത വാദം ഏപ്രിൽ മൂന്നിന് നടക്കും