/sathyam/media/media_files/5vDWxWLSsJEH7CIcdcnv.jpg)
നോയിഡ: സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പെഴുതി ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. നോയിഡയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ശിവാനി ഗുപ്ത (27) ആണ് മരിച്ചത്. രണ്ട് മാനേജര്‍മാര്‍ ഉള്‍പ്പെടെ ആറു സഹപ്രവര്‍ത്തകര്‍ തന്നെ വേദനിപ്പിച്ചെന്നാണ് ശിവാനിയുടെ ആരോപണം.
കുരങ്ങെന്ന് വിളിച്ച് സഹപ്രവര്‍ത്തകര്‍ കളിയാക്കി. വിവാഹമോചിതയാണെന്നും പറഞ്ഞ് അധിക്ഷേപിച്ചെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ബാങ്കില്‍ റിലേഷന്‍ഷിപ്പ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ആറ് മാസമായി ആറ് സഹപ്രവർത്തകരിൽ നിന്ന് മോശം പെരുമാറ്റമാണ് തനിക്ക് നേരിടേണ്ടി വന്നത്. ഇത് തനിക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി ആത്മഹത്യാ കുറിപ്പിൽ ശിവാനി ആരോപിച്ചു.
സഹപ്രവർത്തകർ തനിക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗം നടത്തുക മാത്രമല്ല, തന്നെ ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. മാനസിക പിരിമുറുക്കം നേരിടാൻ വിംഹാൻസിലെ സൈക്യാട്രിസ്റ്റിനെയും അവർ സമീപിച്ചിരുന്നു.
തന്റെ സഹപ്രവര്‍ത്തകയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. തന്നെ മാനസിക രോഗിയെന്ന് അവര്‍ വിളിക്കുമായിരുന്നുവെന്നും ശിവാനിയുടെ കുറിപ്പിലുണ്ട്. സഹപ്രവര്‍ത്തകരെ വെറുതെ വിടരുതെന്നും, കുടുംബത്തെ നോക്കണമെന്നും സഹോദരനെഴുതിയ കുറിപ്പിലൂടെ യുവതി ആവശ്യപ്പെട്ടു. തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ശിവാനി കുറിപ്പില്‍ വിശദമാക്കിയിരുന്നു.
സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഗൗരവ് ഗുപ്ത പൊലീസില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ബാങ്ക് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us