ഒഡീഷയിലെ ബോട്ടപകടം; അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി; അനുശോചിച്ച് രാഷ്ട്രപതി

സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും രാഷ്ട്രപതി പറഞ്ഞു.

New Update
odisha boat accident

ഭുവനേശ്വര്‍: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴു മരണം. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ആദ്യം രണ്ട് മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.

Advertisment

ഛത്തീസ്ഗഡിലെ ഖർസിയ മേഖലയിൽ നിന്നുള്ള 50 ഓളം യാത്രക്കാർ ഒഡീഷയിലെ ബർഗഢ് ജില്ലയിലെ പഥർസെനി കുടയിലെ ക്ഷേത്രം സന്ദർശിച്ച ശേഷം ബോട്ടിൽ മടങ്ങുന്നതിനിടെയാണ് സംഭവം. ഝാർസുഗുഡ ജില്ലയിലെ റെംഗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാരദാ ഘട്ടിൽ എത്താനിരിക്കെയാണ് ബോട്ട് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ 35 യാത്രക്കാരെ രക്ഷപ്പെടുത്തി. പൊലീസും അഗ്നിശമന സേനയും ഏഴ് യാത്രക്കാരെ കൂടി രക്ഷിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രി നവീൻ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

ലൈസൻസില്ലാതെയാണ് ബോട്ട് ഓടിച്ചിരുന്നതെന്നും അതോറിറ്റി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ലൈഫ് ഗാർഡുണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തെത്തിയ പ്രാദേശിക ബർഗഡ് എംപിയും മുതിർന്ന ബിജെപി നേതാവുമായ സുരേഷ് പൂജാരി ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും എന്നാൽ കാണാതായവരെ രക്ഷിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും ജില്ലാ അധികൃതർ അറിയിച്ചു.

സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment