ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ തന്ത്രപ്രധാനമായ വകുപ്പുകൾ കൈപ്പിടിയിലാക്കാനാണ് ടി.ഡി.പിയും ജെ.ഡി.യുവും അടക്കം സഖ്യകക്ഷികൾ സമ്മർദ്ദം തുടരുന്നത്. നാല് എംപിമാർക്ക് ഒരു മന്ത്രി എന്നതാണ് ബി.ജെ.പി നിലപാട്. എന്നാൽ സ്പീക്കർ, രാജ്യസഭാ ഉപാദ്ധ്യക്ഷൻ പദവികളടക്കം ലഭിക്കണമെന്നാണ് ഇരുകക്ഷികളുടെയും ആവശ്യം. ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു എൻ.ഡി.എ ചെയർമാനാവും. പുറമെ കേന്ദ്രമന്ത്രിസഭയിൽ തന്ത്രപ്രധാനമായ വകുപ്പും ലഭിച്ചേക്കും. എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ പിതാവ് രാംവിലാസ് പാസ്വാൻ കൈകാര്യം ചെയ്‌ത ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, വിദേശകാര്യം, നിയമം, ഐ.ടി പ്രതിരോധം തുടങ്ങിയ വകുപ്പുകളിൽ കാബിനറ്റ് റാങ്ക് നൽകാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവേ വകുപ്പ് കിട്ടിയേ തീരൂ എന്നാണ് ജെ.ഡി.യുവിന്റെ നിലപാട്. മന്ത്രിസഭാ വകുപ്പു വിഭജനത്തിൽ ഇത് കീറാമുട്ടിയായി മാറും.
അടിസ്ഥാനവികസനം, ക്ഷേമം, കാർഷികം വകുപ്പുകൾ ആർ.ജെ.ഡി ആവശ്യപ്പെടുന്നുണ്ട്. ഉത്തരേന്ത്യയിൽ നിർണായക സ്വാധീനം ചെലുത്താനാവുന്ന വകുപ്പുകളാണിത്. അതിനാൽ ഇക്കാര്യത്തിൽ ബി.ജെ.പി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സിവിൽ ഏവിയേഷൻ, സ്റ്റീൽ വകുപ്പുകൾ ടി.ഡി.പിക്കും ഗ്രാമവികസനം, പഞ്ചായത്തീരാജ് ജെ.ഡി.യുവിനും ഘനവ്യവസായം ശിവസേനയ്‌ക്കും (ഷിൻഡെ വിഭാഗം) ലഭിച്ചേക്കും. എൽ.ജെ.പി, ജനസേന, എച്ച്.എ.എം, അപ്‌നാദൾ തുടങ്ങിയ കക്ഷികൾക്ക് ഒരോ മന്ത്രിസ്ഥാനം കിട്ടും.
റെയിൽവേ, കൃഷി, ജൽശക്തി, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളും ബിഹാറിന് പ്രത്യേക പദവിയും വേണമെന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം. ചന്ദ്രബാബു നായിഡു കുറേക്കൂടി നീണ്ട പട്ടികയുമായാണ് മോഡിയെ സമീപിച്ചിരിക്കുന്നത്. സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, 3 കാബിനറ്റ് റാങ്ക് അടക്കം 4 മന്ത്രിമാർ, ആന്ധ്രയ്‌ക്ക് പ്രത്യേക പദവി, തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക സഹായം. നായിഡു ആവശ്യപ്പെടുന്ന വകുപ്പുകൾ ഇവയാണ്- റോഡ് ഗതാഗതം, ഗ്രാമവികസനം,വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിട-നഗരകാര്യം, കൃഷി, ജലശക്തി, ഐടി ആൻഡ് ടെലികോം, ധനകാര്യത്തിൽ സഹമന്ത്രി സ്ഥാനം. അതേസമയം, സ്പീക്കർ പദവി ബി.ജെ.പി വിട്ടുനൽകാൻ ഇടയില്ല.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാർ ജൂൺ 9ന് ഞായറാഴ്‌ച വൈകുന്നരം സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് എൻ.ഡി.എ നേതാക്കൾക്കൊപ്പം മോദി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് സർക്കാരിനായി അവകാശവാദമുന്നയിക്കും.
സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക് ശേഷമെന്ന് സൂചന. മോദിക്കൊപ്പം ഏതാനും സഖ്യകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ 8000ത്തോളം അതിഥികളുണ്ടാകും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ(പ്രചണ്ഡ), ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ തുടങ്ങിയവർ പങ്കെടുക്കും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത് തുടങ്ങിയവർക്കും ക്ഷണമുണ്ട്.
കേരളത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ താമര വിരിയിച്ച സുരേഷ് ഗോപിക്ക് ക്യാബിനറ്റ് റാങ്ക് നൽകുമെന്നാണ് സൂചന. കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സുപ്രധാന വകുപ്പും നൽകും. 10മന്ത്രാലയങ്ങളെ എങ്കിലും സ്വാധീനിക്കാൻ കഴിയുന്ന വകുപ്പ് തനിക്ക് കിട്ടണമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.