വിവാദ ഐഎഎസ് ട്രെയിനി പൂജ എംബിബിഎസ് പഠിച്ചത് പട്ടികവര്‍ഗ സംവരണ സീറ്റില്‍

പട്ടികവര്‍ഗ സംവരണ സീറ്റിലാണ് പൂജ എംബിബിഎസ് പഠിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

author-image
shafeek cm
New Update
pooja khedkar

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന പ്രൊബേഷനറി ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് . പട്ടികവര്‍ഗ സംവരണ സീറ്റിലാണ് പൂജ എംബിബിഎസ് പഠിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Advertisment

പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കല്‍ കോളജില്‍ ഗോത്രവിഭാഗമായ ‘നോമാഡിക് ട്രൈബ്-3 ‘ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് പൂജ ഖേദ്കര്‍ എംബിബിഎസ് പഠനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൂജ എങ്ങനെയാണ് സംവരണ സീറ്റില്‍ പ്രവേശനം നേടിയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

നേരത്തെ യുപിഎസ്സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. പരീക്ഷാ അപേക്ഷയില്‍ തട്ടിപ്പ് നടത്തിയതിനും കാഴ്ച പരിമിതിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പൂജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും പൂജയ്‌ക്കെതിരെ കേസുണ്ട്.

മാതാപിതാക്കളായ ദിലീപും മനോരമ ഖേദ്കറും വേര്‍പിരിഞ്ഞതായി കാണിച്ച ശേഷം വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റാണ് പൂജ യുപിഎസ്സി പരീക്ഷയ്ക്കായി നേരത്തെ സമര്‍പ്പിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പൂജയ്‌ക്കെതിരായ വിവിധ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ പൂജയുടെ ഐഎഎസ് പദവി റദ്ദാക്കും.

delhi
Advertisment