/sathyam/media/media_files/DGZIdL6G2sxsM6IDJr6q.jpg)
ന്യൂഡല്‍ഹി: വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ ഐഎഎസ് പദവി കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. യുപിഎസ്‌സി പൂജയുടെ നിയമനം റദ്ദാക്കി ഒരു മാസം പിന്നിടും മുമ്പേയാണ് കേന്ദ്രത്തിന്റെ നീക്കം.
സംവരണ, ഭിന്നശേഷി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വ്യാജരേഖകള്‍ ചമച്ചതടക്കം പൂജ ആരോപണങ്ങള്‍ നേരിട്ടിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും പൂജ ആജീവനാന്ത വിലക്ക് നേരിട്ടു.
വ്യാജ ഐഡന്റിറ്റി നിര്‍മ്മിച്ചതടക്കമുള്ള ആരോപണങ്ങളില്‍ പൂജ കുറ്റക്കാരിയാണെന്ന് യുപിഎസ്‌സി കണ്ടെത്തിയിരുന്നു. വിവാദത്തെ തുടർന്ന്, 2009 നും 2023 നും ഇടയിൽ ഐഎഎസ് സ്‌ക്രീനിംഗ് പ്രക്രിയ പൂർത്തിയാക്കിയ 15,000-ത്തിലധികം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ യുപിഎസ്‌സി പരിശോധിച്ചിരുന്നു.
മഹാരാഷ്ട്രയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന് 40 കോടി രൂപയോളം സ്വത്തുണ്ടെന്നും ഒബിസി നോൺ ക്രീമി ലെയർ ടാഗിന് പൂജ അർഹയല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഭിന്നശേഷി തെളിയിക്കാനുള്ള വൈദ്യ പരിശോധനയ്ക്കും ഇവര്‍ ഹാജരായിരുന്നില്ല. പിതാവ് ദിലീപ് ഖേദ്കർ അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ ഇപ്പോൾ അന്വേഷണം നേരിടുകയാണ്.