അദ്ദേഹം ഇന്ത്യക്കാരനല്ല, രാജ്യത്തിൻ്റെ ഏറ്റവും വലിയ ശത്രു, ഒന്നാം നമ്പർ തീവ്രവാദി; രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രസഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രസഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

New Update
rahul gandhi ravneet singh bittu

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രസഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. രാഹുല്‍ ഗാന്ധി "രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി" ആണെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു.

Advertisment

അടുത്തിടെ യുഎസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി സിഖുകാരെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. നേരത്തെ കോണ്‍ഗ്രസിലായിരുന്ന രവ്‌നീത് സിംഗ് ബിട്ടു ഈ വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പാണ്‌ ബിജെപിയില്‍ ചേര്‍ന്നത്. 

രാഹുൽ ഗാന്ധി ഒരു ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിൻ്റെ ഏറ്റവും വലിയ ശത്രുവാണെന്നും ബീഹാറിലെ ഭഗൽപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു.

"നേരത്തെ, അവർ മുസ്ലീങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല, ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. തീവ്രവാദികള്‍ പോലും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അഭിനന്ദിച്ചു. അത്തരക്കാർ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അദ്ദേഹം രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണ്"-രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു.

നേരത്തെ, യുഎസിലെ വിർജീനിയയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. സിഖ് സമൂഹത്തിന് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനുമുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായിരുന്നു.

എന്നാല്‍ കേന്ദ്രസഹമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ ബിട്ടു രാഹുൽ ഗാന്ധിയെ പുകഴ്ത്തിയിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.

രാഹുൽ ഗാന്ധിയെ പുകഴ്ത്തിയിരുന്ന അദ്ദേഹം ഇപ്പോൾ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതിന് ശേഷം ബിജെപിയോടുള്ള കൂറ് കാണിക്കുകയാണെന്നും സന്ദീപ്  വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. .

Advertisment