രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്, പിന്തുണയ്ക്കാതെ ബിജെപിയും, വിവാദം

രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന ഷിന്ദേ വിഭാ​ഗം എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്

New Update
rahul gandhi sanjay gaikwad

മുംബൈ: രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന ഷിന്ദേ വിഭാ​ഗം എംഎൽഎ സഞ്ജയ് ഗെയ്ക്ക്വാദ്. സംവരണ സമ്പ്രദായത്തെക്കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശത്തെ വിയോജിച്ചുക്കൊണ്ടാണ്‌ സഞ്ജയ് ഗെയ്ക്ക്വാദ് വിവാദ പ്രസ്താവന നടത്തിയത്.

Advertisment

“ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. സംവരണത്തെ എതിർക്കുന്ന മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം നൽകും”-സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവന വഞ്ചനയാണ്. മറാത്തകൾ, ധംഗർമാർ, ഒബിസികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നും സഞ്ജയ് ഗെയ്ക്ക്വാദ് വിമര്‍ശിച്ചു.

ബിജെപി ഭരണഘടനയെ മാറ്റുമെന്ന് രാഹുല്‍ വ്യാജ കഥ പ്രചരിപ്പിച്ചു. പക്ഷേ, രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാൻ പദ്ധതിയിടുന്നത് കോൺഗ്രസാണെന്നും എംഎല്‍എ ആരോപിച്ചു.

ഗെയ്‌ക്‌വാദിൻ്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിജെപിയും പ്രസ്താവനയോട് വിയോജിച്ചു. ഗെയ്‌ക്‌വാദിൻ്റെ അഭിപ്രായങ്ങളെ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന്‌ മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.

പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സഞ്ജയ് ഗെയ്‌ക്‌വാദിന് സമൂഹത്തിലും രാഷ്ട്രീയത്തിലും ജീവിക്കാൻ അർഹതയില്ലെന്ന്‌ മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദേ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ കേസ് ചുമത്തുമോ എന്ന് അറിയണമെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ് എംഎൽസി ഭായ് ജഗ്താപും ഗെയ്‌ക്‌വാദിനെതിരെ ആഞ്ഞടിച്ചു. ഗെയ്ക്വാദിനെ പോലുള്ളവര്‍ സംസ്ഥാനത്തെ രാഷ്ട്രീയം നശിപ്പിച്ചെന്നും, ഇത്തരക്കാരെയും, അവരുടെ അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment