/sathyam/media/media_files/2wguk48vBfpg8AVpW5Tm.jpg)
കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വിവാദം. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ശ്രമിക്കുന്നുവെന്ന് ഇടത് യുവജനസംഘടനകളും ബിജെപിയും ആരോപിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ റൂമിന് സമീപം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡിവൈഎഫ്ഐയും, എസ്എഫ്‌ഐയും ചൂണ്ടിക്കാട്ടി.
തെളിവുകൾ നശിപ്പിക്കാനും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുമാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് ആരോപിച്ച് സംഘടനകള്‍ ആശുപത്രിയുടെ എമർജൻസി കെട്ടിട ഗേറ്റിൽ പ്രതിഷേധിച്ചു.
യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് തൃണമൂൽ സർക്കാർ ശ്രമിക്കുന്നതെന്ന് ആർജി കാർ മെഡിക്കൽ കോളേജിൽ നടന്ന സമരത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മിനാക്ഷി മുഖർജി ആരോപിച്ചു.
വനിതാ ഡോക്ടറെ ഒന്നിലധികം വ്യക്തികൾ ബലാത്സംഗം ചെയ്‌തിരിക്കാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നുവെന്ന് ഇടതുപക്ഷ-അഫിലിയേറ്റഡ് ജോയിൻ്റ് ഫോറം ഓഫ് ഡോക്‌ടേഴ്‌സിലെ ഒരു ഡോക്ടർ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്നയാള്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
ആർജി കർ മെഡിക്കൽ കോളേജ് അധികൃതർ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിനുള്ളിലെ മുറിയുടെ ഭിത്തികള്‍ തകർത്തതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
“റെസിഡൻ്റ് ഡോക്‌ടേഴ്‌സ് ഏരിയ എന്ന് അടയാളപ്പെടുത്തിയ സ്ഥലവും ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റിനുള്ളിലെ ടോയ്‌ലെറ്റും നവീകരണത്തിൻ്റെ പേരിൽ പൊളിച്ചുനീക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങളാണെന്ന് ഊഹിക്കപ്പെടുന്ന, ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ മമത ബാനർജി തെളിവുകൾ ഇല്ലാതാക്കുന്നുവെന്നതില്‍ സംശയമില്ല. ബംഗാളിൽ ഒരു സ്ത്രീയും സുരക്ഷിതരല്ല," അമിത് മാളവ്യ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് എക്‌സിൽ എഴുതി.
സെമിനാർ റൂമിൽ നിന്ന് ഏതാനും അടി അകലെയുള്ള ഒരു മുറിയും അടുത്തുള്ള സ്ത്രീകളുടെ ടോയ്‌ലറ്റും പൊളിച്ച് വിശ്രമകേന്ദ്രം നിർമ്മിക്കാൻ ആശുപത്രി അധികൃതർ ശനിയാഴ്ച ഉത്തരവിട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിലെത്തി. ഡൽഹിയിൽ നിന്ന് പ്രത്യേക മെഡിക്കൽ, ഫോറൻസിക് സംഘത്തിനൊപ്പമാണ് സിബിഐ എത്തിയിരിക്കുന്നത്.
ആഗസ്റ്റ് 9 ന് ഒരു വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി (പിജിടി) ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ചൊവ്വാഴ്ച കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എല്ലാ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ കൊൽക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us